സംസ്ഥാനത്ത് പനി മരണം കൂടുന്നു; നിത്യേന ചികിത്സ തേടിയെത്തുന്നത് പതിനായിരങ്ങള്‍

single-img
4 July 2017

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചപ്പനി ബാധിച്ചവരില്‍ വന്‍ വര്‍ധന. ഇന്നലെ മാത്രം 29000ല്‍ അധികം പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ രാത്രിയും പകലുമില്ലാതെ രോഗികളെത്തിക്കൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് പനിബാധിതരുടെ എണ്ണം 25000ത്തിന് മുകളിലെത്തുന്നത്.

പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്നുണ്ടെങ്കിലും പനി മരണ നിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഒരാഴ്ചമുന്‍പ് പനി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഒരു ദിവസം മാത്രം ആറുമുതല്‍ എട്ടുവരെയായിരുന്നു. എന്നാല്‍ ഇതിന് ഇപ്പോള്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂലൈ മാസം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ആറ് പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്ന് പനി ബാധിച്ച് ഇന്ന്‌ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അരുണ്‍ രാജാണ് മരിച്ചത്. ഡെങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്നു ഇയാള്‍ .

ഡെങ്കിപ്പനി സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണം ദിവസംതോറും കൂടിവരുകയാണ്. കൊടുങ്ങല്ലൂരില്‍ ഏഴും പെരിഞ്ഞനത്ത് നാലും മേത്തലയില്‍ രണ്ടും ഉള്‍പ്പെടെ 14 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈ മാസം 42 പേര്‍ക്ക് ഡെങ്കി പിടിപെട്ടു. ഇന്നലെ മാത്രം 277 പേരാണ് ഡെങ്കിപ്പനി ബാധിച്ച് സസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഏഴ് പേര്‍ക്ക് എലിപ്പനിയും, ഒന്‍പത് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും ഇന്നലെ സ്ഥിരീകരിച്ചു. മൂന്നുദിവസംകൊണ്ട് 5409 പേര്‍ക്കാണ് പനി പിടിപെട്ടത്. വയറിളക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് 776 പേര്‍ ആശുപത്രികളിലെത്തി.

മഴക്കാല പൂര്‍വ്വ ശുചീകരണം അവതാളത്തിലായതാണ് പകര്‍ച്ച പനി വ്യാപകമാകന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.