പ്ലാസ്റ്റിക് കുപ്പിയോട് ഗുഡ്‌ബൈ പറയൂ, ഒപ്പം രോഗത്തോടും

single-img
3 July 2017

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു പഠനം. കഴുകാതെ വെച്ച പ്ലാസ്റ്റിക് കുപ്പികളില്‍ ടോയ്‌ലറ്റുകളില്‍ കാണുന്നതിലധികം ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്നാണ് പുതിയ പഠന ഫലങ്ങള്‍. ഓക്‌സ്‌ഫെഡ് സര്‍വ്വകലാശാലയിലെ ട്രില്‍മില്‍ റിവ്യൂസ് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പഠനം പറയുന്നത്.

പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതു ബിസ്‌ഫെനോള്‍ എന്ന രാസവസ്തു ആണ്. ഇതു ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ അടങ്ങിയ രാസവസ്തുക്കള്‍ മനുഷ്യ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. അണ്ഡോല്‍പ്പാദനത്തെ ബാധിക്കുകയും ഹോര്‍മോണ്‍ തകരാറു മൂലം പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ്, സ്തനാര്‍ബുദം ഇവയ്ക്കു കാരണമാകുകയും ചെയ്യും. ബിസ്‌ഫെനോള്‍ എ (BPA) അന്തഃസ്രാവി ഗ്രന്ഥികളെ ബാധിക്കുന്നു. സ്തനാര്‍ബുദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ ഇവയ്‌ക്കെല്ലാം ബി. പി. എ. കാരണമാകാം എന്നതിനാല്‍ ഇത് നിരോധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നതിനായി ആളുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കരുതാറുണ്ട്. ഉപയോഗിച്ച കുപ്പികള്‍ തന്നെ പലതവണ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പോലും സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.