പുതിയ ലുക്കില്‍ മോഹന്‍ലാല്‍; ഒടിയന്‍’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

single-img
3 July 2017

മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര മീശയും ആരെയും മയക്കുന്ന കള്ള ചിരിയുമാണ് മറ്റൊരു പ്രത്യേകത. കൈയില്‍ മുറുക്കാനെന്ന വണ്ണം വെറ്റിലയും കാണാം. ആരാധകര്‍ ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് മോഹന്‍ലാല്‍.

ഇന്നലെ ഒടിയന്റെ പോസ്റ്ററോ മോഷന്‍ പോസ്റ്ററോ പുറത്തിറങ്ങുമെന്ന് കാണിച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ രാത്രി എട്ട് മണിക്ക് ഉണ്ടാകുമെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ശേഷം ഞായറാഴ്ച രാത്രി മോഹന്‍ലാല്‍ ഫേസ്ബുക് ലൈവിലെത്തി ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഒടിയന്‍ മാണിക്കനെക്കുറിച്ചുള്ള ചെറിയ സൂചനകള്‍ നല്‍കിയിരുന്നു. ഇരുട്ടില്‍ പുതച്ച് ഒരു നിഴല്‍രൂപം പോലെയായിരുന്നു ലാലിന്റെ വരവ്.

എന്നിട്ട് മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു: ഞാന്‍ ഒടിയന്‍. അല്ല. ഒടിയന്‍ മാണിക്കന്‍. രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാന്‍ ഞാന്‍ വരികയാണ്. കറുകറുത്ത ഈ അമാവാസി ഇരുട്ടിലെ എന്റെ ഒടിയന്‍ രൂപത്തെ നിങ്ങള്‍ കാണേണ്ടത് ഇങ്ങനെയല്ല. അത് തിയേറ്ററുകളിലാണ്. ആദ്യം കാണുന്നത് പകല്‍വെളിച്ചത്തിലാവുന്നതല്ലെ അതിന്റെ ഭംഗി. നാളെ രാവിലെ പതിനൊന്ന് മണിക്ക് കാണാം.’ പൊട്ടിച്ചിരിച്ചുകൊണ്ട് ഇരുട്ടിന്റെ മറപറ്റി വന്ന കഥാപാത്രം പിന്‍വാങ്ങുകയും ചെയ്തു. വിഎ ശ്രീകുമാര്‍ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ നിലവില്‍ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

 

Odiyan Motion Poster

Presenting Odiyan! Get ready to be spellbound by his mystery! #Odiyan #Mohanlal #VAShrikumarMenon #FirstLook #TitleTeaser

Posted by Odiyan on Sunday, July 2, 2017