കുട്ടിക്കാലത്ത് ആസ്ത്മ ഉണ്ടായിരുന്നവര്‍ സൂക്ഷിക്കുക; ഹൃദ്രോഗസാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍

single-img
3 July 2017

വളരെ നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു രോഗമല്ല ആസ്ത്മ. ലോകത്ത് ദശലക്ഷക്കണക്കിനു പേരാണ് ഇന്ന് ആസ്ത്മ മൂലം വിഷമിക്കുന്നത്. മാത്രമല്ല കുട്ടിക്കാലത്ത് ആസ്ത്മയുള്ളവര്‍ മുതിരുമ്പോള്‍ നെഞ്ചുവേദന, ബോധക്കേട് തുടങ്ങിയവ ഉണ്ടാവുകയും ക്രമേണ ഹൃദയത്തിനു തകരാറു വരെ സംഭവിക്കാമെന്നുമാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തെ ആസ്ത്മ ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിളിനു കട്ടികൂട്ടുന്നതിലേക്കു നയിക്കാമെന്നും അത് ലെഫ്റ്റ് വെന്‍ട്രിക്കുലര്‍ ഹൈപ്പര്‍ ട്രോഫി (LVH) എന്ന അവസ്ഥയിലെത്തിക്കുമെന്നും പഠനം പറയുന്നു.

ഹൃദയപേശികളുടെ ഇലാസ്റ്റികത നഷ്ടപ്പെട്ട് രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് എല്‍ വി എച്ച്. ജനസംഖ്യയില്‍ 14.9 ശതമാനം പുരുഷന്മാര്‍ക്കും 9.1 ശതമാനം സ്ത്രീകള്‍ക്കും എല്‍. വി. എച്ച് വരാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എല്‍ വി എച്ച് ബാധിച്ച് ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടില്ല. ദീര്‍ഘമായി ശ്വാസം എടുക്കാന്‍ ആകാതെ വരുക, നെഞ്ചുവേദന, ക്ഷീണം, ഹാര്‍ട്ട് പാല്‍പ്പിറ്റേഷന്‍, ബോധക്കേട് ഇവയെല്ലാമാണ് രോഗലക്ഷണങ്ങള്‍. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരില്‍ എല്‍ വി എച്ച് വരാനുള്ള സാധ്യത കൂടുതലാണ്.

മറ്റു ഹൃദ്രോഗസാധ്യതാ ഘടകങ്ങള്‍ ഒന്നുമില്ലെങ്കിലും കുട്ടിക്കാലത്ത് ആസ്ത്മയുണ്ടായിരുന്ന മുതിര്‍ന്ന ചെറുപ്പക്കാരില്‍ ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ മാസ് ഇന്‍ഡക്‌സിന് സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യു എസിലെ ടുലെന്‍ സര്‍വകലാശാല ഡയറക്ടറായ ടുലേന്‍ സര്‍വകലാശാല ഡയറക്ടറായ ലു ക്വി പറയുന്നു.

മുതിര്‍ന്നവരിലെ ആസ്ത്മ നേരത്തെയുള്ള മരണത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും എന്നാണ് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തിനായി ലു ക്വിയും കൂട്ടരും 1118 പേരുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചു. കുട്ടിക്കാലം മുതലുള്ള ആസ്ത്മ ചരിത്രം വിവരിക്കുന്ന ചോദ്യാവലി ഇവര്‍ പൂരിപ്പിച്ചു. ഇവരില്‍ 10 വര്‍ഷക്കാലത്തെ തുടര്‍ പഠനം നടത്തി. എക്കോകാര്‍ഡിയോഗ്രഫി ഉപയോഗിച്ച് ഇക്കാലയളവില്‍ 2 മുതല്‍ 4 വരെ തവണ ഇടതുവെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം മനസിലാക്കി.

കുട്ടിക്കാലത്ത് ആസ്ത്മ ഉണ്ടായിരുന്നവര്‍ക്ക് ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ മാസ് ഇന്‍ഡക്‌സ് (LVMI) കൂടുതലാണെന്നു കണ്ടു. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരില്‍ ആസ്ത്മ ചരിത്രവും എല്‍ വി എം ഐയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നെന്നു കണ്ടു. മറ്റു ഘടകങ്ങളായ പുകവലി, പ്രായം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദത്തിന്റെ മരുന്നുപയോഗം മുതലായ ഘടകങ്ങള്‍ പരിശോധിച്ചെങ്കിലും ഈ കണ്ടെത്തലിന് മാറ്റമുണ്ടായിട്ടില്ല.

ആസ്ത്മ ചരിത്രം ഉള്ളവര്‍ പ്രത്യേകിച്ചും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാല്‍ ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ മരുന്നു ചികിത്സയോ ജീവിതശൈലി വ്യത്യാസപ്പെടുത്തുകയോ ചെയ്യണമെന്നും ‘ഐ എ സി സി ഹാര്‍ട്ട് ഫെയ്‌ലര്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.