വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം

single-img
2 July 2017

പാർലമെന്റ് ആക്രമണം എന്നു കേൾക്കുമ്പോൾ ഒരു ശരാശരി ഇന്ത്യൻ പൌരന്റെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുക 2001 ഡിസംബർ പതിമൂന്നാം തീയതി അഞ്ച് ലഷ്കർ ഇ തോയിബ ഭീകരർ ഒരു കാറിലെത്തി ഡൽഹിയിലെ പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ശ്രമിച്ച സംഭവമാണു. അഞ്ചു ഭീകരരേയും വധിച്ച് ആക്രമണം പരാജയപ്പെടുത്തിയെങ്കിലും അഞ്ചു ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ഒരു സി ആർ പി എഫ് ഉദ്യോഗസ്ഥയും ഒരു തോട്ടം സൂക്ഷിപ്പുകാരനും കൊല്ലപ്പെടുകയും ഇരുപത്തിരണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇതിനൊക്കെ മുന്നേ, അതായത് 51 കൊല്ലം മുന്നേ ഹിന്ദുത്വ തീവ്രവാദികൾ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച സംഭവം പലർക്കും അറിയാൻ സാധ്യതയില്ല. വിശുദ്ധ പശുവിന്റെ നാമത്തിൽ സംഘപരിവാർ ഇന്ത്യൻ ജനാധിപത്യത്തിനു നേരേ നടത്തിയ ആ ആക്രമണം,  ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്കുള്ള  പശുരാഷ്ട്രീയത്തിന്റെ ‘മാസ്സ് എന്ട്രി’ ആയിരുന്നു .

1966 നവംബർ ഏഴിനു ഒരു തണുത്ത പകലിൽ ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന ഹിന്ദു തീവ്രവാദികൾ രാജ്യതലസ്ഥാനത്തെയും കേന്ദ്രസർക്കാരിനേയും മുൾമുനയിൽ നിർത്തിയ ആ സംഭവം ഇപ്പോഴും വളരെ വിരളമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറിപ്പോകുമായിരുന്ന ആൾക്കൂട്ടഭീകരതയെ നേരിടാൻ ഡൽഹി പോലീസിനും മറ്റു സേനകൾക്കും നന്നേ കഷ്ടപ്പെടേണ്ടിവന്നു.

ഇന്നത്തെ ബി ജെ പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം പിന്നിൽ നിന്നു നയിച്ച ഈ പ്രക്ഷോഭത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുന്നേ സംഘപരിവാർ രാഷ്ട്രീയത്തിന്റെ അന്നത്തെ സ്ഥിതി എന്തായിരുന്നു എന്നറിയണം.

1951-ൽ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ രാഷ്ട്രീയ ദളമായി ആരംഭിച്ച ഭാരതീയ ജനസംഘം രൂപീകരിച്ചത് ശ്യാമപ്രസാദ് മുഖർജ്ജിയാണു. എന്നാൽ തെരെഞ്ഞെടുപ്പുകളിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാതെ പാർട്ടി ചക്രശ്വാസം വലിക്കുന്ന ഒരു കാലഘട്ടത്തിലാണു ജനകീയ പ്രക്ഷോഭങ്ങൾ ഉയർത്തി ജനങ്ങളുടെ വേരുറപ്പിക്കാൻ ആർ എസ് എസ് തീരുമാനിക്കുന്നത്. 1962-ൽ നടന്ന മൂന്നാം ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആകെ 14 സീറ്റാണു ജനസംഘത്തിനു ലഭിച്ചത്. മറ്റൊരു വലതുപക്ഷ പാർട്ടിയായ സി രാജഗോപാലാചാരിയുടെ സ്വതന്ത്ര പാർട്ടിയ്ക്കുപോലും 18 സീറ്റ് ലഭിച്ചിരുന്നു. മാത്രമല്ല, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വതന്ത്ര പാർട്ടി പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു.

കാര്യമായ ഒരു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുന്നതിനു വേണ്ടി ഇന്ത്യയിലെ ജാതി ഹിന്ദുക്കളുടേയും നാമധാരി സിഖുകാരുടെയും എക്കാലത്തേയും ദൌർബ്ബല്യമായിരുന്ന പശു രാഷ്ട്രീയത്തെ ഉയർത്തി ഇന്ദിരാ സർക്കാരിനെ വിറപ്പിക്കാനായിരുന്നു ആർ എസ് എസിന്റെ തീരുമാനം. അങ്ങനെയാണു 1966-ൽ ആർ എസ് എസ് മുൻകൈയ്യെടുത്ത് സർവ്വദളീയ ഗോരക്ഷാ മഹാ അഭിയാൻ സമിതി എന്ന സംഘടന രൂപീകരിക്കുന്നത്. വിവിധ തീവ്ര ഹിന്ദു സംഘടനകളും ഹിന്ദു , സിഖ്, ജൈന സന്ന്യാസിമാരുമെല്ലാം അംഗങ്ങളായിട്ടുള്ള ഒരു കൂട്ടായ്മയായിരുന്നു ഈ സംഘടന. ആർ എസ് എസ് സഹയാത്രികനായിരുന്ന പ്രഭുദത്ത് ബ്രഹ്മചാരിയായിരുന്നു ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ.

പാർലമെന്റ് ആക്രമണം

1966 നവംബർ 7-നു ചാന്ദ്നി ചൌക്കിലെ ആര്യസമാജത്തിന്റെ ക്ഷേത്രത്തിൽ നിന്നും സ്വാമി കർപത്രിയുടെ ആശീർവാദത്തോടെ നേതാക്കൾ പ്രക്ഷോഭം നയിക്കാനിറങ്ങി. റൊഷനാരാ ഗാർഡൻ, ചെങ്കോട്ട, അജ്മൽ ഖാൻ പാർക്ക് എന്നിവിടങ്ങളിൽ നിന്നായി വിവിധ റാലികൾ ഒരേസമയം ദില്ലിയുടെ പല ഭാഗങ്ങളിലേയ്ക്ക് നീങ്ങി. ലക്ഷക്കണക്കിൻ പ്രക്ഷോഭകാരികൾ നഗരത്തിൽ ഉണ്ടായിരുന്നു. തൃശൂലങ്ങളും കുന്തങ്ങളും വാളുകളും ഏന്തിയ നഗ്നസന്ന്യാസിമാരും കാവിയുടുത്ത സന്ന്യാസിമാരുമായിരുന്നു റാലികളുടെ മുൻനിരയിൽ ഉണ്ടായിരുന്നത്.

ദില്ലിയുടെ നഗരകേന്ദ്രമായ കൊണാട്ട് പ്ലേസിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രക്ഷോഭകാരികൾ ആദ്യം അക്രമമഴിച്ചുവിട്ടത്. ഇർവിൻ ഹോസ്പിറ്റൽ, രണ്ട് ഇലക്ട്രിക് സബ് സ്റ്റേഷനുകൾ, ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രസ്സ്, ഡിലൈറ്റ് സിനിമാസ്, ഓഡിയോൺ സിനിമാസ് എന്നീ സ്ഥാപനങ്ങൾ പ്രക്ഷോഭകാരികളാൽ ആക്രമിക്കപ്പെട്ടു.

ഇതേ സമയം പാർലമെന്റ് സ്ട്രീറ്റ് പ്രക്ഷോഭകാരികളാൽ നിറഞ്ഞു. അവിടെ ഒരുക്കിയ ഒരു ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിൽ നിന്നും മതനേതാക്കളും ഹിന്ദുമഹാസഭാ നേതാക്കളും പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്തു. രാജ്യത്തെ പ്രമുഖ സന്ന്യാസ മഠങ്ങളുടെയെല്ലാം അധിപന്മാർ ഈ വേദിയിലുണ്ടായിരുന്നു.

അവരിൽ ഒരാളായിരുന്നു ഉത്തർപ്രദേശിലെ ഗൊരഖ്നാഥ് മഠത്തിന്റെ അധിപനായിരുന്ന അവന്ത് ദിഗ്വിജയ് നാഥ്. (മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നതിനു മൂന്നു ദിവസം മുന്നേ, അദ്ദേഹത്തെ വധിക്കണമെന്ന് പരസ്യമായി പ്രസംഗിച്ച ഇദ്ദേഹമാണു ഇപ്പോഴത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ ഗുരുവും മുൻഗാമിയും). 

ആർ എസ് എസ് നേതാവ് ഗോൾവൾക്കർ, പ്രഭുദത്ത് ബ്രഹ്മചാരി, വിശ്വഹിന്ദു പരിഷത്തിന്റേയും ജനസംഘത്തിന്റേയും നിരവധി നേതാക്കൾ എന്നിവർ അണിനിരന്ന വേദിയിൽ നിന്നുകൊണ്ട് ജനസംഘം എം പി സ്വാമി രമേശ്വരാനന്ദ് ജനക്കൂട്ടത്തോട് അക്രമത്തിനാഹ്വാനം ചെയ്തു. കർണാലിൽ നിന്നുള്ള എം പിയായ രമേശ്വരാനന്ദിനെ ആ സമയത്ത് മോശം പെരുമാറ്റത്തിനു പാർലമെന്റിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.

രമേശ്വരാനന്ദിന്റെ തീപ്പൊരി പ്രസംഗം അക്രമികളെ ആവേശഭരിതരാക്കി. ജനക്കൂട്ടം പാർലമെന്റിന്റ് പരിസരത്തേയ്ക്ക് ഇടിച്ചു കയറി. പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച അക്രമികൾ കല്ലും കട്ടകളും വലിച്ചെറിയാൻ ആരംഭിച്ചു. നിവൃത്തിയില്ലാതെ പോലീസ് ലാത്തിച്ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോൾ പോലീസിനു വെടിയുതിർക്കേണ്ടിവന്നു.

ഇതുകൊണ്ടൊന്നും ജനക്കൂട്ടം അടങ്ങിയില്ല. പാർലമെന്റിനുള്ളിലേയ്ക്ക് കടക്കാൻ സാധിക്കാതിരുന്ന അവർ പരിസരത്തെ മറ്റു കെട്ടിടങ്ങൾ ആക്രമിക്കാൻ തുടങ്ങി. പെട്രോളിൽ കുതിർത്ത തുണിക്കഷണങ്ങൾ കെട്ടിടങ്ങൾക്കു നേരേ വലിച്ചെറിഞ്ഞു. ഓൾ ഇന്ത്യാ റേഡിയോ, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, ട്രാൻസ്പോർട്ട് ഭവൻ, ശ്രം ഭവൻ, ഗോൾ ദക് ഖാന തുടങ്ങി നിരവധി കെട്ടിടങ്ങൾ ആക്രമിക്കപ്പെട്ടു. ദി ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം, പാർലമെന്റ് സ്ട്രീറ്റിലും കൊണാട്ട് സർക്കിളിലും ആക്രമിക്കപ്പെടാത്ത ഒറ്റ കെട്ടിടം പോലും ബാക്കിയുണ്ടായിരുന്നില്ല. തെരുവുവിളക്കുകൾ സഹിതം അടിച്ചു തകർത്തിരുന്നു. 

കോൺഗ്രസ്സ് അദ്ധ്യക്ഷൻ കുമാരസ്വാമി കമൽരാജിന്റെ വീടാക്രമിച്ച അക്രമികൾ ആ വീടിനു തീയിട്ടു. കേന്ദ്രമന്ത്രി കോത്ത രഘുരാമയ്യയുടെ വീടും ആക്രമിക്കപ്പെട്ടു. വൈകുന്നേരം 7:30 ആയപ്പോഴേയ്ക്കും സ്ഥിതിഗതികൾ നിയന്ത്രണത്തിലായി. സെന്റ്രൽ ഡൽഹിയിലെ സർക്കാർ മന്ദിരങ്ങൾ സംരക്ഷിക്കാൻ സി ആർ പി എഫും കരസേനയും നിയോഗിക്കപ്പെട്ടു.  1947-നു ശേഷം ആദ്യമായി ഇന്ത്യൻ ആർമി ദില്ലിയുടെ തെരുവീഥികളിലൂടെ മാർച്ച് ചെയ്തു. സി ആർ പി സി 144 പ്രകാരം ആളുകൾ കൂട്ടം കൂടുന്നതിനു നിരോധനവും 48 മണിക്കൂർ കർഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു.

പിറ്റേന്ന് യു എൻ ഐ റിപ്പോർട്ട് ചെയ്തതു പ്രകാരം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 250-ലധികം വാഹനങ്ങൾ ആക്രമണത്തിൽ തകർക്കപ്പെട്ടു. ഒരു മെയിൽ വാനും നാലു ബസുകളുമടക്കം നിരവധി സർക്കാർ വാഹനങ്ങളാണു അക്രമികൾ കത്തിച്ചത്. ഒരു ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പും നിരവധി മിൽക്ക് ബൂത്തുകളും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. അന്ന് ഏകദേശം 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ രൂപയുടെ മൂല്യമനുസരിച്ച് ഇത് ഏകദേശം 250 കോടി രൂപയായി കണക്കാക്കാം. (1966-ൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 82 രൂപ ആയിരുന്നു. ഇന്നത് ഏകദേശം 23000 രൂപയാണു).

കലാപം അടിച്ചമർത്തുന്നതിന്റെ ഭാഗമായി 830-ലധികം സന്ന്യാസിമാർ അറസ്റ്റ് ചെയ്യപ്പെട്ടു. സർക്കാരിന്റെ ഔദ്യോഗികക്കണക്കുകൾ പ്രകാരം നാൽപ്പതിലധികം ആളുകൾക്ക് പോലീസ് വെടിവെയ്പ്പിൽ പരിക്കേൽക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തു. ഒരു പോലീസ് കോൺസ്റ്റബിളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 375 പേർ വെടിയേറ്റു മരിച്ചെന്നാണു ആർ എസ് എസ് ആരോപിക്കുന്നത്.

കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ വിജയിച്ചുവെങ്കിലും കലാപത്തിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെ തടയുന്നതിൽ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടിരുന്നുവെന്ന വാദം ഉയർന്നിരുന്നു. ആഭ്യനത്രമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ കലാപകാരികളെ രാഷ്ട്രീയമായി പിന്തുണച്ചിരുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് അദ്ദേഹത്തിനു രാജിവെയ്ക്കേണ്ടിവന്നു. നിരവധി ഉദ്യോഗസ്ഥരെ പുറത്താക്കി.

പശുരാഷ്ട്രീയവും അതിനെത്തുടർന്നുണ്ടായ കലാപത്തിലെ രക്തസാക്ഷികളേയും ഉയർത്തിക്കാട്ടിയാണു ഭാരതീയ ജനസംഘം അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടത്. ബൽരാജ് മധോക്ക് ആയിരുന്നു ഈ കാലയളവിൽ ജനസംഘം അദ്ധ്യക്ഷൻ. 1967-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 35 സീറ്റും 9.3 ശതമാനം വോട്ടും നേടി ജനസംഘം പശുരാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ചു.

അന്നു മുതൽക്കിങ്ങോട്ട് സംഘപരിവാറിന്റെ എല്ലാ രാഷ്ട്രീയമുന്നേറ്റങ്ങളിലും വിശുദ്ധ പശു ഒരു പ്രധാന ഘടകമായിരുന്നു.

(തുടരും)

ഗോരക്ഷകൻ സതീഷ് കുമാർ : പഞ്ചാബിലെ രാജ്പുര അടക്കിവാണ അധോലോകനായകൻ; വിശുദ്ധപശുവിന്റെ നാമത്തിൽ-2