ക്ഷമ നശിച്ചെന്ന് ഡോണള്‍ഡ് ട്രംപ്; ‘ഉത്തര കൊറിയ മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്നില്ല’

single-img
1 July 2017

വാഷിങ്ടണ്‍: ആണവായുധ വിഷയത്തില്‍ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ വര്‍ഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാമെന്ന് ഉറപ്പു നല്‍കി.

എന്നാല്‍, കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള സംയുക്ത മാര്‍ഗം കൂടിക്കാഴ്ചയില്‍ സ്വീകരിക്കാന്‍ സാധിച്ചില്ല. ‘ഞങ്ങള്‍ ഉത്തര കൊറിയയിലെ കിരാതമായ ഭരണകൂടത്തില്‍നിന്നും ഭീഷണി നേരിടുന്നുണ്ട്. മേഖലയില്‍ നടത്തുന്ന ബാലിസ്റ്റിക്, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കണം.

സ്വന്തം ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാത്ത ഉത്തരകൊറിയ അയല്‍ക്കാരോടും ബഹുമാനം കാണിക്കുന്നില്ല.’ട്രംപ് പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരായ നടപടിയില്‍ യുഎസും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്ന് മൂണ്‍ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനിടെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.