ഫുട്‌ബോള്‍ രാജകുമാരന്റെ മിന്നുകെട്ട്: ‘നൂറ്റാണ്ടിലെ കല്യാണം എന്ന് മാധ്യമങ്ങള്‍’

single-img
1 July 2017

ഫുട്‌ബോള്‍ രാജകുമാരന്‍ മെസ്സി ഒടുവില്‍ തന്റെ ബാല്യകാല സഖിയെ ജീവിത പങ്കാളിയാക്കി. മെസ്സിയുടേയും കാമുകി അന്റോണെല്ല റോകുസോയുടേയും വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹത്തില്‍ കലാശിച്ചു. നൂറ്റാണ്ടിലെ കല്യാണം എന്നാണ് മെസിയുടെ വിവാഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച റൊസാരിയോ നഗരത്തിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വച്ചാണ് ഇവരുടെ മിന്നുകെട്ട് നടന്നത്. വെള്ള വസ്ത്രത്തില്‍ വിവാഹത്തിന് എത്തിയ അന്റോണല്ല തികച്ചും രാജകീയ മികവിലായിരുന്നു. മെസിയും ആകര്‍ഷകമായ കറുത്ത സ്യൂട്ടാണ് അണിഞ്ഞിരുന്നത്.

അടുത്ത സുഹൃത്തുക്കളടക്കം 250 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ബാഴ്‌സലോണ ടീമിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരായ നെയ്മര്‍, ലൂയിസ് സുവാരസ്, ജെറാഡ് പിക്കോ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു. 150 ജേര്‍ണലിസ്റ്റുകളാണ് ഇരുവരുടേയും വിവാഹം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത്. കനത്ത സുരക്ഷാ വലയങ്ങളിലായിരുന്നു ഹോട്ടലും പരിസര പ്രദേശങ്ങളും. ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന്‍ തിയാഗോയും ഒന്നരവയസുള്ള മാതേയോയും.