ചില നടീനടന്മാര്‍ക്ക് ഇത്രയും സ്വത്ത് എവിടന്ന്?; അഭിനയത്തിലൂടെ മാത്രം നേടിയതാണോ എന്ന് അന്വേഷിക്കണമെന്ന് നടന്‍ ജഗദീഷ്

single-img
1 July 2017

കൊച്ചി: മലയാള സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങള്‍ തനിക്കറിയാമെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും നടന്‍ ജഗദീഷ്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ജഗദീഷ് മലയാള താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ കാര്യങ്ങള്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നത്.

ചില നടീനടന്മാരുടെ വന്‍ സ്വത്തിന് പിന്നിലെ രഹസ്യം എന്താണ്? അതെല്ലാം അഭിനയത്തിലൂടെ മാത്രം നേടിയതാണോ? എന്നതെല്ലാം അന്വേഷിക്കണമെന്നും താരം പറഞ്ഞു. മുമ്പത്തെ പോലെയല്ല, ഇപ്പോള്‍ മലയാള സിനിമയിലെ പ്രതിഫലം കോടികളായി കഴിഞ്ഞു. വരുമാനത്തിലും കവിഞ്ഞ സ്വത്തുക്കളുള്ള അനേകം നടന്മാരുണ്ട്. ഇപ്പോള്‍ താന്‍ അത് പറഞ്ഞാല്‍ അസൂയ കൊണ്ട് പറയുകയാണെന്ന് കരുതും. അതുകൊണ്ട് തന്റേത് ഉള്‍പ്പെടെ എല്ലാ നടന്മാരുടെയും സ്വത്ത് വിവരം അന്വേഷിക്കേണ്ടതുണ്ട്.

യുവനടിയുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ ഒരു കമന്റും നടത്തരുതെന്ന അസോസിയേഷന്‍ നേരത്തേ തീരുമാനം എടുത്തിരുന്നു. ഹൈവേയില്‍ കാളവണ്ടിയില്‍ ഓടുന്നയാളാണ് താന്‍. സൂപ്പര്‍ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ തനിക്ക് താല്‍പ്പര്യമില്ല. സത്യം അന്വേഷിക്കാനോ പുറത്തു കൊണ്ടുവരാനോ കഴിയാത്തതില്‍ താന്‍ മാധ്യമങ്ങളെയേ കുറ്റപ്പെടുത്തു എന്നും ജഗദീഷ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.