ഓരോ മാ‍സവും തച്ചുകൊല്ലാനുള്ള മുസ്ലീങ്ങളുടെ എണ്ണത്തിനു ഒരു ക്വാട്ട നിശ്ചയിക്കൂ: നരേന്ദ്ര മോദിയ്ക്ക് ഓൾ ഇന്ത്യാ മുസ്ലിം മജ്ലിസ് ഇ മുഷാവറത്തിന്റെ കത്ത്

single-img
1 July 2017

ഓരോ മാസവും തച്ചുകൊല്ലാനുള്ള മുസ്ലീങ്ങളുടെ എണ്ണത്തിനു ഒരു ക്വോട്ട നിശ്ചയിക്കുവാൻ നരേന്ദ്ര മോദിയോട് മുസ്ലീം സംഘടന. രാജ്യത്തെ മുസ്ലീം സംഘടനകളുടെ ഫെഡറേഷനായ ഓൾ ഇന്ത്യ മുസ്ലീം മജ്ലിസ് ഇ മുഷാവറത്ത് ( All India Muslim Majlis-eMushawarat ) പ്രധാനമന്ത്രിയ്ക്കെഴുതിയ കത്തിലാണു ഇങ്ങനെയൊരാവശ്യമുന്നയിച്ചത്.

വർദ്ധിച്ചു വരുന്ന ആൾക്കൂട്ടഹത്യകളുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  മുഷാ‍വറത്തിന്റെ പ്രസിഡന്റ് നവൈദ് ഹമീദ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. പെരുന്നാളിന്റെ തലേദിവസം രാജ്യതലസ്ഥാനത്ത് ജുനൈദ് എന്ന 16 വയസ്സുള്ള മുസ്ലീം ബാലനെ ബീഫിന്റെ പേരിൽ അടിച്ചുകൊന്നതിൽ പ്രതിഷേധിച്ചായിരുന്നു കത്ത്.

അത്യധികമായ വേദനയും നിരാശയും ഉണ്ടെങ്കിലും വലിയ പ്രതീക്ഷയോട് കൂടിയാണു താൻ ഈ കത്തെഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണു കത്ത് ആരംഭിക്കുന്നത്. ഗോരക്ഷാ സേനകൾ രാജ്യത്തു അക്രമമഴിച്ചു വിടുന്നതിനേക്കുറിച്ചും ഗോവയിൽ നടക്കുന്ന ഹിന്ദുത്വ കോൺക്ലേവിനെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്. കന്നുകാലി കശാപ്പിനെതിരായി കൊണ്ടുവന്ന നിയമങ്ങളും ഗോരക്ഷാ സേനകളുടെ ആക്രമണങ്ങളും മൂലം രാജ്യത്തെ പാവപ്പെട്ട ദളിത്, ആദിവാസി, മുസ്ലീം ജനവിഭാഗങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു പ്രോട്ടീൻ സ്രോതസാണു (മാട്ടിറച്ചി) ഇല്ലാതാകുന്നതെന്നും കത്തിലൂടെ ഓർമ്മിപ്പിക്കുന്നു

കത്തിന്റെ ഒരു പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു:

“അവസാനമായി, മിസ്റ്റർ പ്രൈം മിനിസ്റ്റർ, രാജ്യത്തെ പാവപ്പെട്ട മുസ്ലീങ്ങളെ തച്ചുകൊല്ലുന്നത് ആർക്കും പ്രവചിക്കാവുന്ന ഒരു പതിവു സംഗതിയായി മാറിയിട്ടുണ്ട്. കശ്മീരിലെ ശ്രീനഗറിൽ ഡി എസ് പി അയൂബ് പണ്ഡിതിനെ ആൾക്കൂട്ടം തച്ചുകൊന്ന ഭീകരമായ പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണു. ഇതേ ആൾക്കൂട്ട അക്രമങ്ങൾ രാജ്യതലസ്ഥാനത്തടക്കം ഇടതടവില്ലാതെ തുടരുകയാണു. സമൂഹമാധ്യമങ്ങളിൽ താങ്കൾ ഫോളോ ചെയ്യുന്ന പലരും ഇത്തരം അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നവരാണു. എല്ലാ മാ‍സവും തച്ചുകൊല്ലാനുള്ള പാവപ്പെട്ടവരുടെ മുസ്ലീങ്ങളുടെ എണ്ണത്തിനായി ഒരു ക്വോട്ട നിശ്ചയിക്കണം എന്നാണു ഈ ആശങ്കയുടേയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഓരോ ഇന്ത്യൻ പൌരനും ഗവണ്മെന്റിനോട് ആവശ്യപ്പെടുവാൻ കഴിയുക. നിങ്ങളുടെ ഭരണത്തിൻ കീഴിൽ ഞങ്ങൾ ഒരു ആൾക്കൂട്ടഹത്യാ റിപ്പബ്ലിക്കിന്റെ പൌരന്മാരായി മാറുകയാണെന്ന ഹീനമായ യാഥാർത്ഥ്യത്തെ ഞങ്ങൾ അംഗീകരിക്കണമെന്നാണോ?

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബജ്രംഗ് ദൾ ആയുധപരിശീലന ക്യാമ്പുകൾ നടത്തുന്ന കാര്യവും ഗോരക്ഷകരെന്നും ആന്റി റോമിയോ സ്ക്വാഡെന്നും പറഞ്ഞു ഗുണ്ടാ സംഘങ്ങൾ തൃശൂലവുമായി നാടുനീളെ നടന്നു ഹഫ്ത പിരിക്കുന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സയ്യിദ് മുഹമ്മദ് ആണു ദേശീയ രാഷ്ട്രീയത്തിലെ മുസ്ലീം വിഷയങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി,  1964-ൽ ഓൾ ഇന്ത്യാ മുസ്ലീം മജ്ലിസ് ഇ മുഷാവറത്ത് എന്ന സംഘടന സ്ഥാപിക്കുന്നത്.