നടിയെ ആക്രമിച്ച സംഭവം: അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍

single-img
30 June 2017

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി ഡി.ജി.പി ടി.പി സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയിലല്ല ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും കാണിച്ച് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി.

ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് ഒരു കാര്യവും അറിയുന്നില്ല. കഴിഞ്ഞ ദിവസം ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്.

അന്വേഷണ സംഘത്തിലെ മറ്റൊരു ഐജിയായ പി.വിജയനും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ല. ഇത് ശരിയല്ലെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നുമാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് വിരമിക്കാനിരിക്കുന്ന സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ദിലീപ് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിലെ ഉന്നതരെ മാറ്റിനിര്‍ത്തിയതിനെതിരേ പോലീസ് സേനയിലും അമര്‍ഷം ശക്തമാണ്. ദിലീപിനെ ചോദ്യം ചെയ്തതോടെ വന്‍ മാധ്യമശ്രദ്ധ ലഭിച്ച കേസില്‍ ഡിജിപിയുടെ ആരോപണം പോലീസിന് വീണ്ടും തലവേദന സൃഷ്ടിക്കും. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡിജിപി സ്ഥാനത്ത് ഇന്ന് തിരിച്ചെത്തുന്ന ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനവും കേസില്‍ നിര്‍ണായകമായേക്കും.