അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ ഒരവസരം കൂടി; സൗദി പൊതുമാപ്പിന്റെ കാലാവധി നീട്ടി

single-img
30 June 2017

റിയാദ്: നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴകൂടാതെ രാജ്യം വിടാനായി സൗദി അറേബ്യ അനുവദിച്ച പൊതുമാപ്പ് സംവിധാനം ഒരു മാസത്തേക്ക് കൂടി കൂട്ടി. അനധികൃത താമസം മതിയാക്കി സൗദിയില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനാണ് ആഭ്യന്തര വകുപ്പ് പൊതുമാപ്പ് നീട്ടിയതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പൊതുമാപ്പ്, തൊഴില്‍ നിയമ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥാ നിയമ ലംഘകര്‍ക്കോ, ഒളിച്ചോട്ടം നടത്തുന്നവര്‍ക്കോ ഉള്ളതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ അതതു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി രേഖകള്‍ ശരിപ്പെടുത്തി സൗദി വിടാന്‍ ഒരുങ്ങണമെന്നും കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്ക് ജയില്‍, പിഴ ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഇതിനകം 4,80,000ഓളം പേര്‍ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞു.