നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍; പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍

single-img
30 June 2017

യുവനടിയെ ആക്രമിച്ച കേസില്‍ സുപ്രധാന വെളിപ്പെടുത്തല്‍. നടിയെ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യം പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കിട്ടിയപ്പോള്‍ പദ്ധതി വിജയിച്ചാല്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ക്ക് കിട്ടുന്നത് 62 കോടി ആയിരുന്നെന്ന് സുനി വെളിപ്പെടുത്തി. നാലുവര്‍ഷം മുമ്പായിരുന്നു ക്വട്ടേഷന്‍ ലഭിച്ചത് ഇതിനിടെ മൂന്ന് തവണ നടത്തിയ ശ്രമവും പാളിപ്പോയെന്നും സുനി പോലീസിനോട് പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വേണമെന്ന് പ്രത്യേകം വ്യക്തമാക്കിയിരുന്നു. നടി കരഞ്ഞപ്പോള്‍ ചിരിക്കാന്‍ നിര്‍ബ്ബന്ധിച്ചതായും പോലീസിനു മൊഴി നല്‍കി. ഈ ക്വട്ടേഷന്‍ മുന്‍നിര്‍ത്തിയായിരുന്നു സുനി സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തത്.

ഈ സമയങ്ങളില്‍ സിനിമാ സെറ്റില്‍ അമിത വിധേയത്വം കാണിച്ചു നടിയോട് അടുക്കാന്‍ പ്രതി ശ്രമിച്ചു. ഇതിനിടയില്‍ തൃശൂരില്‍വെച്ച് ഒരു തവണ നടിയെ കെണിയിലാക്കാന്‍ സുനി ശ്രമിച്ചതായും വിവരം ലഭിച്ചു. തൃശൂരില്‍ നടിയെ തട്ടിക്കൊണ്ടുപോകാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണം ക്വട്ടേഷന്‍ നല്‍കിയ വ്യക്തി പ്രതികളെ നേരിട്ടു വിളിച്ച് തിരക്കിയിരുന്നു. ഈ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.

പിന്നീട് നടിക്ക് മലയാളത്തില്‍ അവസരം കുറഞ്ഞതിനാല്‍ തട്ടിക്കൊണ്ടു പോകലിന് തടസം നേരിടുകയായിരുന്നു. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടിക്ക് അവസരം ലഭിച്ചതോടെ വീണ്ടും അവസരം തെളിഞ്ഞു. തുടര്‍ന്ന് പള്‍സര്‍ സുനി ക്വട്ടേഷന്‍ നല്‍കിയയാളെ വീണ്ടും ബന്ധപ്പെട്ടു. വാഗ്ദാനം നല്‍കിയ തുക ലഭിക്കുമെന്ന് പിന്നീട് ഉറപ്പുവരുത്തിയ ശേഷം പദ്ധതി നടപ്പിലാക്കാന്‍ സുനി തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി 17 ന് തൃശൂര്‍-കൊച്ചി ദേശീയപാതയില്‍ അങ്കമാലിക്കു സമീപം വെച്ച് നടിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ വാഹനത്തിന്റെ അകത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കാത്തിരുന്നെങ്കിലും വാഹനം സമയത്ത് കേടായതിനെ തുടര്‍ന്ന് നടിയുടെ വാഹനത്തിലേക്ക് അതിക്രമിച്ചു കയറി കൃത്യം നടത്തുകയായിരുന്നു.

കേസില്‍ ഗൂഡാലോചന വ്യക്തമാകുന്ന തെളിവുകളിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്് 6000 ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന വ്യക്തി ക്വട്ടേഷന്‍ സംഘവുമായി നേരിട്ടും മറ്റുള്ളവര്‍ വഴിയും ബന്ധപ്പെട്ടെന്ന് തെളിവുകിട്ടി. ഈ തെളിവുകള്‍ കൃത്യമായി വേര്‍തിരിച്ച് ബന്ധിപ്പിക്കാനായാല്‍ കേസില്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്നാണ് കരുതുന്നത്. അതേസമയം നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിനു നിര്‍ണ്ണായകമായ പലവിവരങ്ങളും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപും നാദിര്‍ഷായും അറിയാവുന്ന എല്ലാ കാര്യങ്ങളും പോലീസിനു നല്‍കിയിട്ടുണ്ട്. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.

അഞ്ചു മണിക്കൂര്‍ കൂടി ചോദ്യം ചെയ്യലുണ്ടായിരുന്നെങ്കിലും 13 മണിക്കൂറിനു ശേഷം തിരുവനന്തപുരത്ത് നിന്നും ഉണ്ടായ നിര്‍ണ്ണായകമായ ഫോണ്‍വിളിയെ തുടര്‍ന്നാണ് ഇരുവരേയും പോലീസ് വിട്ടയച്ചത്. ഇതുവരെ പ്രതിയല്ലാത്ത മുന്‍ നിര നടനെ വിട്ടയയിക്കാനായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ ഒരു ഇടപെടീല്‍ ഉണ്ടായതു തന്നെ സംശയത്തിനു വഴിനല്‍കുന്നുണ്ട്.ഇതോടൊപ്പം സുനി പറയുന്ന കഥ ശരിയാണെങ്കില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് മലയാള സിനിമാരംഗവുമായി അടുത്തു ബന്ധമുള്ളയാളാണെന്ന സൂചനയാണ് നല്‍കുന്നത്.