‘അമ്മ’യോഗത്തിലെ മുകേഷിന്റെ നിലപാടിനെതിരെ പാര്‍ട്ടി വിശദീകരണം തേടും; മുകേഷ് നടന്‍ മാത്രമല്ലെന്ന് ജില്ലാ കമ്മിറ്റി

single-img
30 June 2017

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ച കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍പ്പുയരുന്നു. പ്രശ്‌നം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

മുകേഷ് സിനിമാ നടന്‍ എന്നതിലുപരി ഒരു ജനപ്രതിനിധി കൂടിയാണ് എന്ന് ചിന്തിക്കണമായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മുകേഷിന്റെ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ചും സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയോടെ ജയിച്ച അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തുന്നത് ആക്രമണത്തിന് ഇരയായ നടിക്കെതിരായി വ്യാഖ്യാനിക്കപ്പെടുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു.

അടുത്ത ദിവസം കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും സംഭവത്തില്‍ വിശദീകരണം തേടുമെന്നും സി.പി.എം ജില്ലാ കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ ഭാരവാഹിക്കള്‍ക്കില്ലാത്ത പ്രശ്‌നം മാധ്യമങ്ങള്‍ക്കെന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.