മുകേഷിന് പിന്തുണയുമായി മന്ത്രി കെടി ജലീല്‍; മുകേഷിന്റേത് സ്വാഭാവിക പ്രതികരണം മാത്രം

single-img
30 June 2017

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മുകേഷിന് പിന്തുണയുമായി മന്ത്രി കെടി ജലീല്‍. അത് സ്വാഭാവിക പ്രതികരണമാണെന്നും മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

”ഞാന്‍ കണ്ടു ആ സംസാരം. അദ്ദേഹം കയര്‍ത്തൊന്നും സംസാരിച്ചിട്ടില്ല. അത് സ്വാഭാവിക രീതിയില്‍ പത്രക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങളോടുളള പ്രതികരണം എന്നുമാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂവെന്നും” അദ്ദേഹം പറഞ്ഞു. അമ്മയുടെ യോഗത്തില്‍ എന്തൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് ജനപ്രതിനിധികളായ ഈ മൂന്നുപേര്‍ മാത്രമല്ലല്ലോ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

താരസംഘടനയായ അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് പറഞ്ഞിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ പ്രകോപിച്ചത്.

സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു. ഞങ്ങള്‍ കൂടെയുണ്ടെന്നാണ് വനിതാ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. പിന്നെ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്നും മുകേഷ് ചോദിച്ചിരുന്നു. ഇത് വലിയവിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.