അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ ജാഗ്രതൈ!; 2000 രൂപ പിഴയടക്കേണ്ടി വരും

single-img
30 June 2017

മുംബൈ: അനാവശ്യമായി ഹോണ്‍മുഴക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഇനി മുതല്‍ നിരോധിത മേഖലയില്‍ ഹോണ്‍ മുഴക്കിയാല്‍ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തിയതായും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മഹാരാഷ്ട്ര ഗതാഗത റോഡ് സുരക്ഷാ നിയമം 2017 ആണ് രാഷ്ട്രപതിയുടെ അനുമതി കാത്തിരിക്കുന്നത്. നിയമത്തിന്റെ 20 ഖണ്ഡികയില്‍ അനാവശ്യമായോ, നിരോധിത മേഖലയിലോ ഹോണ്‍ മുഴക്കുന്നത് നിരോധിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ഹോണ്‍ മുഴക്കുന്നതിനും നിയന്ത്രണമുണ്ട്. ചെവിതുളയ്ക്കുന്ന തരത്തിലുള്ള ശബ്ദമുയര്‍ത്തുന്ന ഹോണ്‍ മുഴക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല വാഹനം വാങ്ങുമ്പോള്‍ ഘടിപ്പിച്ചിട്ടുള്ള ഹോണില്‍ മാറ്റം വരുത്തി ഉയര്‍ന്ന ശബ്ദത്തിലുള്ള ഹോണ്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.