ജിഎസ്ടിയോ! അതെന്താ?; ഉത്തര്‍പ്രദേശ് ബിജെപി മന്ത്രി പുലിവാലുപിടിച്ചു

single-img
30 June 2017

രാജ്യത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വരുമെന്നിരിക്കെ എന്താണ് ജിഎസ്ടി എന്നറിയാതെ ബോധവത്ക്കരണത്തിനിറങ്ങി ഇളിഭ്യനായിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു മന്ത്രി. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനു കീഴില്‍ സാമൂഹ്യക്ഷേമ,പട്ടികജാതിആദിവാസി ക്ഷേമവകുപ്പുകളുടെ ചുമതലയുള്ള മന്ത്രി രമാപതി ശാസ്ത്രിയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ പതറിയത്. യുപിയിലെ മഹാരാജ്ഗഞ്ചിലെ കച്ചവടക്കാരെ ജിഎസ്ടി നടപ്പിലാകുമ്പോള്‍ ഉണ്ടാകുന്ന നേട്ടത്തെക്കുറിച്ച് ബോധവത്ക്കരിക്കാനെത്തിയതായിരുന്നു മന്ത്രി.

ഇവിടെ ഓരോ കച്ചവടക്കാരും ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന മെച്ചങ്ങളെക്കുറിച്ച് പഠിപ്പിക്കാനെത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ജിഎസ്ടിയുടെ പൂര്‍ണ്ണരൂപമെന്തെന്ന് ചോദിച്ചപ്പോഴാണ് മന്ത്രി കുടുങ്ങിയത്. കഴിഞ്ഞദിവസം തന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എല്ലാവര്‍ക്കുമായി ജിഎസ്ടി ബോധവത്കരണക്ലാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഘടിപ്പിച്ചിരുന്നു.

ഇതില്‍ പങ്കെടുത്ത് സ്വയം കാര്യങ്ങള്‍ ‘പഠിച്ച’ ശേഷമാണ് മന്ത്രിമാര്‍ അതേക്കുറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാധാരണക്കാരെ പഠിപ്പിക്കാന്‍ ഇറങ്ങിയത്. ഇങ്ങനെ ജിഎസ്ടിയെക്കുറിച്ച് മഹാരാജ്ഗഞ്ചില്‍ പഠിപ്പിക്കാനാത്തിയതായിരുന്നു മന്ത്രി രമാപതി ശാസ്ത്രി.

ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ കുഴയ്ക്കുന്ന ചോദ്യവുമായെത്തിയത്. ജിഎസ്ടിയുടെ പൂര്‍ണരൂപം തനിക്ക് അറിയാമെന്നും കഴിഞ്ഞദിവസം താന്‍ ഇതേക്കുറിച്ചുള്ള ക്ലാസില്‍ പങ്കെടുത്തതാണെന്നും മന്ത്രി പറഞ്ഞെങ്കിലും പൂര്‍ണരൂപം മന്ത്രിക്ക് പറയാനായില്ല. പിന്നീട് ജിഎസ്ടിയുടെ പൂര്‍ണരൂപം ഓര്‍മിച്ചെടുക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ മന്ത്രി തോല്‍വി സമ്മതിക്കുകയായിരുന്നു.