ജിഎസ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍; രാജ്യം ഒറ്റ നികുതിയിലേക്ക്

single-img
30 June 2017

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്കുസേവന നികുതി ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പാര്‍ലമെന്റില്‍ രാത്രി പതിനൊന്നു മണിക്കു ആരംഭിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പങ്കെടുക്കും. അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ എന്നിവര്‍ സമ്മേളനം ബഹിഷ്‌ക്കരിക്കും. 24 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന ഏകീകൃതനികുതി എന്ന ആശയമാണ് 122ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ന് അര്‍ധരാത്രി രാജ്യത്ത് നടപ്പാക്കുന്നത്. പരോക്ഷ നികുതികള്‍ ഒട്ടുമുക്കാലും യോജിച്ചാണ് ജിഎസ്ടി വരുന്നത്.

എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനില്‍ക്കും. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ഏകോപിപ്പിക്കും; ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികളും ഏകോപിപ്പിക്കും. ഇതുവരെ കേന്ദ്രത്തിന് അധികാരമില്ലാതിരുന്ന വില്പനയില്‍മേല്‍ കേന്ദ്രം നികുതി പിരിക്കും. ഉത്പാദനത്തിലും സേവനങ്ങളിലും നികുതിക്ക് അധികാരമില്ലാതിരുന്ന സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നിലവില്‍ വരുന്നതോടെ ആ അധികാരം ലഭിക്കും.

ജിഎസ്ടിക്കു മുഖ്യമായി നാലു നിരക്കാണുള്ളതെങ്കിലും പ്രായോഗികമായി എട്ടു നിരക്കുകള്‍ ഉണ്ട്. ധാന്യങ്ങള്‍, മത്സ്യം, മാംസം, ഉപ്പ്, പച്ചക്കറി, പാല്‍, പഴം, മുട്ട, പ്രസാദം, ന്യൂസ്‌പേപ്പര്‍, പുസ്തകങ്ങള്‍, കുപ്പിവള,പൊട്ട്,സിന്ദൂരം തുടങ്ങിയവയ്ക്കു നികുതിയില്ല. മറിച്ച് പോളിഷ് ചെയ്യാത്ത വജ്രത്തിന് 0.25 ശതമാനമാണു നികുതി. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഒരു ശതമാനം നികുതി കുറേ മാസം കഴിഞ്ഞേ നടപ്പാക്കൂ. സ്വര്‍ണത്തിനു മൂന്നു ശതമാനം നികുതിയാക്കി.

നിത്യോപയോഗ സാധനങ്ങള്‍,1000 രൂപയില്‍ കുറവുള്ള വസ്ത്രങ്ങള്‍,500 രൂപയില്‍ കുറഞ്ഞ ചെരിപ്പുകള്‍,പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍, പഞ്ചസാര,തേയില,കാപ്പി,റേഷന്‍ മണ്ണെണ്ണ,കല്‍ക്കരി,സ്റ്റെന്റ്,ജീവന്‍രക്ഷാ മരുന്നുകള്‍,ഇന്‍സുലിന്‍,തപാല്‍ സ്റ്റാമ്പ്,ചന്ദനത്തിരി തുടങ്ങിയവയും റെയില്‍വേ ടിക്കറ്റ്, ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയും അഞ്ചു ശതമാനം നികുതി വിഭാഗത്തിലാണ്.

രാസവളങ്ങള്‍,കോണ്‍ട്രാക്റ്റുകള്‍,1000 രൂപയില്‍ കൂടിയ വസ്ത്രങ്ങള്‍,അലോപ്പതിആയുര്‍വേദഹോമിയോ മരുന്നുകള്‍,മൊബൈല്‍ ടൂത്ത് പേസ്റ്റ്,സാനിറ്ററി നാപ്കിന്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍,നോട്ട് ബുക്ക്,രക്ത പരിശോധനാ കിറ്റുകള്‍,ചീട്ട്,ബിസിനസ്സ് ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്ക് 12 ശതമാനം നികുതി.

ഐസ്‌ക്രീം,ബിസ്‌ക്കറ്റ്,കേക്ക്,കോണ്‍ഫ്‌ളേക്‌സ് കാമറ,കംപ്യൂട്ടര്‍,ലാപ്‌ടോപ്പ്,ഹെല്‍മറ്റ് ,സിസിടിവി തുടങ്ങിയവയും എസിഹോട്ടലുകളും ടെലികോം ഐടി സേവനങ്ങളും ബ്രാന്‍ഡഡ് വസ്ത്രങ്ങളും 18 ശതമാനം വിഭാഗത്തിലാണ്.

ബീഡി,മൊളസസ്,സോഡാവെള്ളം,കോളകള്‍,പെയിന്റ്,ഷേവിംഗ് ക്രീം,ഷാമ്പൂ,ആഫ്റ്റര്‍ ഷേവ്,ഡീ ഓഡറന്റ് ,വാഷിംഗ് മെഷീന്‍,എടിഎം, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനമാണു നികുതി. ജിഡിപിയില്‍ പോയിന്റ് 4 മുതല്‍ രണ്ട് ശതമാനം വരെ വളര്‍ച്ചയ്ക്ക് പരിഷ്‌ക്കാരം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.