മെട്രോയിലെ ആദ്യത്തെ പാമ്പെന്നു പറഞ്ഞ് സോഷ്യൽ മീഡിയ അപമാനിച്ച എൽദോയ്ക്ക് കൊച്ചി മെട്രോയുടെ വക സ്നേഹോപഹാരം

single-img
30 June 2017

കൊച്ചി മെട്രോ സേവനം തുടങ്ങിയ ആദ്യനാളുകളിൽ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. മെട്രോ ട്രെയിനിന്റെ ഒഴിഞ്ഞ സീറ്റിൽക്കിടന്നുറങ്ങുന്ന ഒരാളോടെ ചിത്രത്തിന്റെ തലക്കെട്ട് ‘മെട്രോയ്ക്കുള്ളിലെ ആദ്യത്തെ പാമ്പെ’ന്നായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ഉള്ളത് അങ്കമാലി സ്വദേശിയായ എൽദോ ആണെന്നും ബധിരനും മൂകനുമായ ഇദ്ദേഹം ക്ഷീണം മൂലം മയങ്ങിപ്പോയതാണെന്നും പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ വ്യാജപ്രചരണത്തിനിരയായ എൽദോയ്ക്ക് സ്നേഹോപഹാരം നൽകി മാതൃക കാണിച്ചിരിക്കുകയാണു കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ.

. ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ, ശാരീരിക-മാനസിക അവസ്ഥകൾ പോലും അറിയാതെ മുൻവിധികളുടെ പേരിൽ പഴിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോയ്ക്ക് കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ് ഐ.എ.എസ്. ആണു സ്നേഹോപഹാരം നൽകിയത്. മെട്രോയിൽ യാത്ര ചെയ്യാനുള്ള 2000 രൂപയുടെ സൗജന്യ പാസ്സാണ് സ്നേഹോപഹാരമായി നൽകിയത്.

അത്യാസന്നനിലയിൽ ആശുപത്രിയില്‍ കഴിയുന്ന സ്വന്തം അനുജനെ കണ്ടുമടങ്ങുന്ന വഴിയിലാണു എൽദോ മെട്രോയുടെ സീറ്റിൽ കിടന്നുറങ്ങിയത് . എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുമ്പോൾ മകന്റെ ആഗ്രഹപ്രകാരമാണ് മെട്രോയില്‍ കയറിയത്.

രണ്ട് കുട്ടികള്‍ക്കും സംസാര ശേഷിയില്ലാത്ത ഭാര്യയ്ക്കും ഒപ്പമാണ് എല്‍ദോയുടെ താമസം. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് വഴിയാണ് എല്‍ദോയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ.