ദിലീപിന്റെ ഭൂമി ഇടപാടുകള്‍ പോലീസ് പരിശോധിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

single-img
30 June 2017

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിന്റെ പിന്നിലെ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ അന്വേഷണം സിനിമാ രംഗത്തേയ്ക്ക് നീളുന്നു. സിനിമരംഗത്തു നിന്നുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന സചനകള്‍. അതേസമയം നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷായുടെയും ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കും.

കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പൊലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ തീരുമാനം. ഇവര്‍ ഭൂമിയിടപാടുകള്‍ നടത്തിയ സമയത്ത് ഇരുവര്‍ക്കും അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നോ, ആരെക്കെയാണ് ഇടപാടുകളില്‍ പങ്കാളികളായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് നീക്കം. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് തേടുന്നുണ്ട്.

ബുധനാഴ്ച ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തതിരുന്നു. ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു.