പോലീസ് തലപ്പത്ത് വീണ്ടും ബെഹ്‌റ എത്തി; സെന്‍കുമാര്‍ പടിയിറങ്ങി

single-img
30 June 2017

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അധികാരമേറ്റു. ഡിജിപി ടി.പി. സെന്‍കുമാറില്‍നിന്നുമാണ് ബെഹ്‌റ അധികാരമേറ്റത്. വൈകുന്നേരം 4.30നു പോലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്‌റയെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേറ്റു.

ലോക്‌നാഥ് ബെഹ്‌റയ്ക്ക് അധികാരം കൈമാറിയ സെന്‍കുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് നിറഞ്ഞ പുഞ്ചിരിയോടെ ബെഹ്‌റയ്ക്ക് ബാറ്റണ്‍ കൈമാറിയാണ് സെന്‍കുമാര്‍ ഓഫീസ് വിട്ടത്. പൊലീസ് ആസ്ഥാനത്തുനിന്ന് സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ടിപി സെന്‍കുമാര്‍ പ്രതികരിച്ചു. ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പടിയിറങ്ങുമ്പോള്‍ സമ്മിശ്രവികാരമാണ് ഉള്ളത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്ന് ഉണ്ടായിരുന്നു. എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്‌റ പോലീസ് മേധാവിയാകുന്നത്. 55 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെഹ്‌റ പൊലീസ് മേധാവിയുടെ കസേരയിലേക്ക് തിരികെയെത്തുന്നത്.

.