മൂത്രശങ്കക്കിടയില്‍ സ്വച്ഛ് ഭാരത് മറന്നു; കേന്ദ്രകൃഷിമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു

single-img
29 June 2017

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വഛ് ഭാരതിന് നാണക്കേടുണ്ടാക്കി പൊതു സ്ഥലത്ത് കേന്ദ്രമന്ത്രിയുടെ മൂത്രമൊഴിക്കല്‍. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ആണ് പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചത്.  മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ഫോട്ടോ സമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

ഫോട്ടോകളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, മന്ത്രി രാധ മോഹന്‍ സിംഗ് ഭിത്തിയോട് ചേര്‍ന്ന് നിന്ന് മൂത്രമൊഴിക്കുന്നതായി കാണാം. ബീഹാറിലെ ചമ്പാരന്‍ നിയോജക മണ്ഡലത്തിലെ മോത്തിഹാരിയില്‍ കേന്ദ്രമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ചിത്രങ്ങള്‍ എടുത്തത്.

ഈ മാസം ഇത് രണ്ടാം തവണയാണ് രാധാ മോഹന്‍ സിംഗ് വിവാദത്തില്‍ അകപ്പെടുന്നത്. മധ്യപ്രദേശില്‍ അഞ്ച് കര്‍ഷകരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ രാജ്യം നില്‍ക്കെ ഇദ്ദേഹം യോഗ ഗുരു ബാബാ രംദേവിനൊപ്പം യോഗ പരിശീലന പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു.