ഷാരൂഖിന്റെയും സിദ്ദിഖിയുടേയും പേരില്‍ 500 കോടി തട്ടിപ്പ്; കേസ് സിബിഐ ഏറ്റെടുത്തു

single-img
29 June 2017

ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ഞൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്‌വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് ഷാഡോ എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വെബ്‌വര്‍ക്ക് ട്രേഡ് ലിങ്ക്‌സിന്റെ നിഴല്‍കമ്പനി ആഡ്‌സ്ബുക്ക് ഡോട് കോം എന്ന പോര്‍ട്ടലിലൂടെയാണു തട്ടിപ്പിനു കളമൊരുക്കിയത്. ഷാരൂഖ് ഖാനും നവാസുദീന്‍ സിദ്ദിഖിയും പോര്‍ട്ടലിന്റെ അംബാസഡര്‍മാരാണ് എന്ന് വ്യാജപ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. അനുരാഗ് ജെയിന്‍, സന്ദേഷ് വര്‍മ എന്നിവരാണു വെബ്‌വര്‍ക്ക് ട്രേഡ് ലിങ്ക്‌സ് പ്രൊമോട്ടര്‍മാര്‍. താരങ്ങളെ വിശ്വസിച്ചു ജനം വന്‍തോതില്‍ കമ്പനിയില്‍ പണം നിക്ഷേപിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

2016 ഡിസംബര്‍ പത്തിനാണ് ആഡ്‌സ്ബുക്ക് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചത്. വെബ്‌സൈറ്റിലെ പരസ്യങ്ങള്‍ക്കു കിട്ടുന്ന ക്ലിക്കിലൂടെ ധാരാളം പണം ലഭിക്കുമെന്നായിരുന്നു പ്രൊമോട്ടര്‍മാരുടെ വാഗ്ദാനം. താരങ്ങളെ വിശ്വസിച്ച് നാലു മാസത്തിനുള്ളില്‍ നാലുലക്ഷം പേരാണു പണം നിക്ഷേപിച്ചത്. 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണു എഫ്‌ഐആറില്‍ പറയുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷിച്ച കേസ്, അലഹാബാദ് ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണു സിബിഐ ഏറ്റെടുത്തത്.