ആൾക്കൂട്ടഹത്യകൾ ‘എന്റെ നാമത്തിൽ വേണ്ട‘ : നോട്ട് ഇൻ മൈ നെയിം പ്രതിഷേധത്തിൽ രാജ്യമൊട്ടാകെ ആയിരങ്ങൾ പങ്കെടുത്തു

single-img
29 June 2017

“പ്രിയപ്പെട്ട ഉമ്മാ, ഞാൻ വീട്ടിലെത്തി. ഞാൻ ഡൽഹിയിൽ നിന്നും പുതിയ വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തുമെന്ന് ഉമ്മ കരുതി. പക്ഷേ വിധി എന്നെ സ്വർഗത്തിലെത്തിച്ചു. ഇവിടെ കൊലവിളിനടത്തുന്ന ആൾക്കൂട്ടങ്ങളില്ല ഉമ്മാ..ഞാൻ വീട്ടിലെത്തി. “

-ഉമ്മയുടെ സ്വന്തം ജുനൈദ്.

ഡൽഹിയിലെ സദർ ബസാറിൽ നിന്നും പെരുന്നാളിനുള്ള സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകുന്നവഴിയിൽ ഫരീദാബാദിനടുത്തുവെച്ച് ട്രെയിനിൽ  ആൾക്കൂട്ടം തല്ലിയും കുത്തിയും കൊലപ്പെടുത്തിയ പതിനാറുവയസ്സുകാ‍രൻ ജുനൈദിന്റെ സഹോദരൻ മുഹമ്മദ് അസറുദ്ദീൻ ആണു തന്റെ അനുജൻ സ്വർഗ്ഗത്തിൽ നിന്നും ഉമ്മയ്ക്കെഴുതിയ കത്ത് വായിച്ചത്. അയ്യായിരത്തിലധികം ആളുകൾ തടിച്ചുകൂടിയ ഡൽഹിയിലെ  ജന്തർ മന്ദറിലെ പ്രതിഷേധവേദിയിൽ ഈ സാങ്കൽപ്പിക കത്തുവായിക്കുമ്പോൾ 22-കാരനായ അസറുദ്ദീനൊപ്പം കാണികളും കരയുകയായിരുന്നു. 

രാജ്യമൊട്ടാകെ സംഘപരിവാർ നടത്തുന്ന ആൾക്കൂട്ടഹത്യകളിൽ പ്രതിഷേധിച്ച് രാജയത്തിന്റെ വിവിധഭാഗങ്ങളിലായി നടന്ന പ്രതിഷേധങ്ങളുടെ പേരു ‘എന്റെ നാമത്തിൽ വേണ്ട’ (#NotInMyName) എന്നായിരുന്നു. ഡൽഹിയിലും ബോംബെയിലും ബംഗളൂരുവിലും തിരുവനന്തപുരത്തും കൽക്കട്ടയിലുമെല്ലാം ജാതിമതരാഷ്ട്രീയഭേദമന്യേ ആയിരങ്ങൾ പങ്കെടുത്തു തങ്ങളുടെ പ്രതിഷേധമറിയിച്ചു. തീവ്രദേശീയതയും മതവൈരവും ഉയർത്തിക്കൊണ്ട് സംഘപരിവാരം നടത്തുന്ന വംശീയനരഹത്യകളുടെ പിന്തുണക്കാരുടെ കണക്കുപുസ്തകത്തിൽ തങ്ങളുടെ പേരുകൾ ഉണ്ടാകില്ല എന്ന പ്രഖ്യാപനമായിരുന്നു ഈ പ്രതിഷേധത്തിന്റെ മുദ്രാവാക്യത്തിന്റെ കാതൽ. 

Thousands Gathered @ Jantar Mantar fir #NotInMyName protest against mob lynching

Posted by Sudheesh Sudhakaran on Wednesday, June 28, 2017

രാജ്യതലസ്ഥാനത്ത് ജന്തർ മന്ദറിൽ വൈകിട്ടു ആറുമണിക്ക് ആരംഭിച്ച പ്രതിഷേധത്തിൽ അയ്യായിരത്തോളം പേർ പങ്കെടുത്തു. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ, കലാകാരന്മാർ, സിനിമാപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളിലുള്ളവർ ഈ പ്രതിഷേധയോഗത്തിന്റെ ഭാഗമായി.

ഡൽഹിയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ജുനൈദിന്റെയും രാജസ്ഥാനിലെ അൽവാറിൽ ഗോരക്ഷാ പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെയും ബന്ധുക്കൾ ഇതിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധവേദിയിൽ പതിനഞ്ചടി ഉയരമുള്ള രണ്ടു ബിൽബോർഡുകളിലായി ഇന്ത്യയുടെ ‘ലിഞ്ച് മാപ്പ്’ ( ആൾക്കൂട്ടഹത്യാ ഭൂപടം) പ്രദർശിപ്പിച്ചിരുന്നു. നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം നടന്ന ആൾക്കൂട്ടഹത്യകളെ ചുവന്നനിറത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നു. 

ഇത്രയധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇതൊരു ശുഭസൂചനയാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്യുമെന്ററി സംവിധായകൻ നകുൽ സിംഗ് സ്വാഹിനി ഇ വാർത്തയോടു പറഞ്ഞു.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഈ പ്രതിഷേധം  സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി മാറുമെന്നാണു താൻ കരുതുന്നതെന്ന് എം എ ബേബി ഇ വാർത്തയോട് പറഞ്ഞു. 

“ഹിന്ദുരാഷ്ട്രീയം ഇന്ത്യയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി വർഗീയത അക്രമാസക്തമായി ഇന്ത്യയിൽ അഴിഞ്ഞാടുകയാണു.  ജുനൈദിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തെ ഇന്ത്യൻ ഭരണഘടനയെത്തന്നെ ആക്രമിച്ചുകൊലപ്പെടുത്താനുള്ള ആർ എസ് എസിന്റെ അജണ്ടയുടെ ഭാഗമായി കാണേണ്ടതുണ്ട്” – എം എ ബേബി പറഞ്ഞു.
പ്രതിഷേധയോഗത്തിൽ നിർവധിപേർ കവിതചൊല്ലിയും പാട്ടുപാടിയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഏകദേശം മൂന്നുമണിക്കൂറിലധികം പ്രതിഷേധപരിപാടികൾ നീണ്ടുനിന്നു. ഒടുവിൽ മഴപെയ്തിട്ടുപോലും ആളുകൾ പിരിഞ്ഞുപോകാതെ അവിടെത്തന്നെ നിൽക്കുകയായിരുന്നു.

Awesome performance <3 must watch .. #NotInMyName

Posted by Sudheesh Sudhakaran on Wednesday, June 28, 2017

ചിത്രങ്ങൾ: സുധീഷ് സുധാകരൻ