സിപിഐ-സിപിഎം തര്‍ക്കമില്ലെന്ന് കോടിയേരി; റവന്യൂമന്ത്രിയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ല

single-img
29 June 2017

തിരുവനന്തപുരം: റവന്യൂമന്ത്രിയെ മാറ്റണമെന്ന എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ അഭിപ്രായത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു മന്ത്രിയേയും മാറ്റണമെന്ന അഭിപ്രായം സിപിഎമ്മിനില്ല. നയപരമായ കാര്യങ്ങളില്‍ സിപിഐ സിപിഎം തര്‍ക്കവുമില്ല. മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചത് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് അന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നടന്‍ ദിലീപിനെ ഇത്ര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് ബാഹ്യശക്തികള്‍ക്കു നിര്‍ദേശിക്കാനാവില്ല. പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം അതിന്റെ വഴിക്കു നടക്കും.

ഇവിടെ സെല്‍ഭരണമല്ല നടക്കുന്നത്. ഇന്ന ചോദ്യങ്ങളേ ചോദിക്കാവൂ എന്ന് എഴുതി കൊടുത്തുള്ള കാര്യങ്ങളൊക്കെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു നടക്കുന്നത്. പൊലീസ് അന്വേഷണം അതിന്റെ വഴിക്കു നടക്കുമെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് കേസ് അന്വേഷണത്തിലെ ഇടപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.