ജിഎസ്ടി വരാന്‍ മണിക്കൂര്‍ മാത്രം; പാക്കറ്റ് അരിക്ക് വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
29 June 2017

കൊച്ചി: ചരക്ക് സേവന നികുതി നിലവില്‍ വരുന്നതോടെ പാക്കറ്റിലാക്കി വില്‍ക്കുന്ന അരിയുടെ വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. പാക്കറ്റ് അരികള്‍ വ്യാപകമായി ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഏറെ തിരിച്ചടിയാകുന്ന തീരുമാനമാണിത്. പാക്കറ്റ് അരിക്ക് രണ്ടര രൂപയെങ്കിലും കൂടുമെന്ന് അരി മില്ലുടമകള്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ബ്രാന്‍ഡഡ് അരിക്ക് നികുതിയുണ്ടായിരുന്നില്ല. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെയാണ് പായ്ക്കറ്റ് അരിക്കും നികുതി വരുന്നത്.

ബ്രാന്‍ഡ് ചെയ്ത് അരി വില്‍ക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഒരു ശതമാനം നികുതി ഏര്‍പെടുത്തിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ നികുതി ഒഴിവാക്കി. ദക്ഷിണേന്ത്യയില്‍ അരിക്ക് ഏറ്റവും വില കൊടുക്കേണ്ടി വരുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് ശതമാനം നികുതി കൂടി ഏര്‍പെടുത്തുന്നതോടെ അരിവില വീണ്ടും വര്‍ധിക്കും.