ചോദ്യം ചെയ്യല്‍ ‘ദൃശ്യം’ മോഡലില്‍; ദിലീപിനെയും നാദിര്‍ഷയെയും വിട്ടയച്ചത് പതിമൂന്നു മണിക്കൂറിനുശേഷം

single-img
29 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും പതിമൂന്നു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തു. ഉച്ചയ്ക്ക് ഒന്നോടെ മൂവരെയും ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയുള്ള ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ ഒന്നേകാല്‍ വരെ നീണ്ടു.

അത്യന്തം നാടകീയമായാണ് കാര്യങ്ങള്‍ നടന്നത്. തനിക്ക് പറയാനുള്ളതെല്ലാം പൊലീസിനോട് തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പ്രതികരിച്ചു. ‘വളരെയധികം ആത്മവിശ്വാസമുണ്ട്. ചോദ്യം ചെയ്യലല്ല മൊഴിയെടുക്കലാണ് നടന്നത്. ഇവയൊന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല’ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, താന്‍ നല്‍കിയ പരാതിയെക്കുറിച്ചാണോ ചോദ്യം ചെയ്തതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. എല്ലാം വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം.

സത്യം പുറത്ത് വരണമെന്ന് മറ്റാരേക്കാളും കൂടുതല്‍ ആഗ്രഹിക്കുന്നത് താനാണ്. പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇനിയും വേണ്ടിവന്നാല്‍ സഹകരിക്കുമെന്നും ദിലീപ് പറഞ്ഞു. മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മൂവരെയും വീണ്ടും ചോദ്യം ചെയ്യലിനു വിധേയരാക്കുമെന്നാണു പോലീസ് നല്‍കുന്ന സൂചന. അതേസമയം നടിയുമായി തനിക്കു സൗഹൃദം ഇല്ലായിരുന്നുവെന്ന് ദിലീപ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച് സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയുമായി വസ്തു സംബന്ധമായ ഇടപാടുകള്‍ ഉണ്ടെന്ന് ദിലീപ് വ്യക്തമാക്കിയതായും സൂചനയുണ്ട്.

ദിലീപിനെയും നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും വെവ്വേറേ ചോദ്യം ചെയ്തതില്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം. പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. ഇതിനിടെ പന്ത്രണ്ടരയോടെ ദിലീപ് എത്തിയ കാര്‍ പോലീസ് ക്ലബില്‍ നിന്നും പുറത്തേക്കു കൊണ്ടുപോയത് അറസ്റ്റ് ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയാക്കി.

സിനിമാരംഗത്ത് തന്റെ ഇമേജും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണു സൂചന. ദിലീപിനെയും നാദിര്‍ഷായെയും ഇടക്ക് ഒരുമിച്ചിരുത്തിയും ശേഷം രണ്ട് മുറികളിലായി ഇരുത്തിയും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇരുവരുടെയും മൊഴികളിലെ വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ചോദ്യം ചെയ്യല്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

എ.ഡി.ജി.പി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, പെരുമ്പാവൂര്‍ സി.െഎ. ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആലുവ സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.