ഉമ്മന്‍ ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര: സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു

single-img
29 June 2017

കൊച്ചി:  യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാണിച്ചാണു പരാതി. കൊച്ചി മെട്രോ നിയമം 62 വകുപ്പ് പ്രകാരമാണു പൊലീസ് കേസെടുത്തിരിക്കുന്നത്.

മെട്രൊ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് പ്രത്യേകം പേരുകള്‍ എടുത്ത് പറഞ്ഞ് കേസെടുത്തില്ല. സംഘാടകര്‍ക്കെതിരെയാണ് കേസ്. എറണാകുളം ഡിസിസിയാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു. കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും കണ്ടെത്തിയിരുന്നു.

പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും എല്ലാം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ.

മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറഞ്ഞിരുന്നു.

മെട്രോയുടെ പിതൃത്വം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനാണെന്ന് അവകാശപ്പെട്ടായിരുന്നു പരിപാടി. നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിലേക്കു പ്രവേശിച്ച ജനസഞ്ചയം എല്ലാ വിലക്കുകളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്കു നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ തിരക്കേറിയതോടെ ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നുവച്ചു. പ്രവര്‍ത്തകരുടെ തിക്കുംതിരക്കും മൂലം ഉമ്മന്‍ചാണ്ടിക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ആദ്യ ട്രെയിനില്‍ കയറാനായില്ല. രണ്ടാമത്തെ ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. യാത്ര അവസാനിച്ച പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്റര്‍ ആളുകള്‍ തിങ്ങിക്കയറിയതോടെ തകരാറിലായി.