മുണ്ടക്കയത്ത് തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടി പി.സി.ജോർജ്;പ്രാണരക്ഷാര്‍ത്ഥമാണ് ലൈസന്‍സ് ഉളള തോക്ക് ചൂണ്ടിയതെന്ന് പി.സി

single-img
29 June 2017

കോട്ടയം: മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ എസ്റ്റേറ്റിൽ തൊഴിലാളികൾക്ക് നേരെ പി.സി.ജോർജ് എംഎൽഎ തോക്കുചൂണ്ടി.ഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. എസ്റ്റേറ്റിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന തൊഴിലാളികൾക്കെതിരേ അസഭ്യവർഷം ചൊരിഞ്ഞ ശേഷമാണ് എംഎൽഎ തോക്കെടുത്തത്.

തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി കയര്‍ക്കുകയായിരുന്നു. ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും മുണ്ടക്കയം എസ്റ്റേറ്റിലെ തൊഴിലാളികള്‍ ആരോപിച്ചു.

തനിക്കെതിരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ രക്ഷപ്പെടാനാണു താന്‍ തോക്ക് എടുത്തത്. ഇതിന് ലൈസന്‍സ് ഉളളതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.എസ്റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു.