സൗദിയില്‍ പൊതുമാപ്പ് സമയപരിധി അവസാനിച്ചു; വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന

single-img
28 June 2017

സൗദി അറേബ്യ നിയമലംഘകര്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിച്ചു. 90 ദിവസമായിരുന്നു നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ് പ്രകാരം രാജ്യം വിട്ടുപോകാനായി അനുവദിച്ചിരുന്ന കാലാവധി. ഇതോടെ നിയമം ലംഘിച്ച് സൗദിയില്‍ താമസിച്ചിരുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങാനുള്ള അവസരമാണ് അവസാനിച്ചിരിക്കുന്നത്.

സമയപരിധി അവസാനിച്ചതോടെ അടുത്ത ദിവസങ്ങളില്‍ നിയമലംഘര്‍ക്കെതിരെ ശക്തമായ പരിശോധന നടത്തും. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം അഞ്ചു ലക്ഷത്തോളം പേര്‍ രാജ്യം വിട്ടുപോയിരുന്നു.

പൊതുമാപ്പ് സമയപരിധി അവസാനിച്ചിട്ടും രാജ്യം വിട്ടുപോകാത്ത വിദേശിയുടെ ഫൈനല്‍ എക്സിറ്റ് റദ്ദ് ചെയ്യുമെന്ന് പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ഇനിയും പൊതുമാപ്പ് സാധ്യതകള്‍ നീട്ടിക്കൊടുക്കേണ്ടതില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

പൊതുമാപ്പ് സമയപരിധി അവസാനിച്ച ശേഷവും സൗദിയില്‍ അനധികൃതമായി തങ്ങുന്നവരെ പിടിക്കാന്‍ പതിനഞ്ചോളം സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധനക്കിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.