പാകിസ്താനെതിരെ കരസേന മേധാവി; മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങള്‍ ഇന്ത്യയ്ക്കുണ്ട്

single-img
28 June 2017


ന്യൂഡല്‍ഹി: പാകിസ്താനെതിരെ മിന്നലാക്രമണത്തേക്കാള്‍ മികച്ച മാര്‍ഗങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് കരസേന മേധാവി മേജര്‍ ബിബിന്‍ റാവത്ത്. ഇന്ത്യയുമായി എളുപ്പത്തില്‍ യുദ്ധമുണ്ടാക്കി അതില്‍ നിന്ന് ലാഭമുണ്ടാക്കാമെന്നാണ് പാകിസ്താന്‍ കരുതുന്നത്. എന്നാല്‍ നമ്മുടെ പക്കല്‍ മിന്നലാക്രമണത്തേക്കാള്‍ മികച്ചതും ഫലപ്രദവവുമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തിനുള്ള ഏക പരിഹാരം താഴ്‌വരയില്‍ സമാധാനം കൊണ്ടുവരിക എന്നതാണ്. ഇതിനായി സൈന്യം ശ്രമിക്കുന്നുണ്ടെന്നും ബിബിന്‍ റാവത്ത് പറഞ്ഞു. കാശ്മീരിലെ യുവജനതയെ അക്രമത്തിന്റെ പാതയില്‍ നിന്നും സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ട്.

12,13 ഉം വയസുള്ള കുട്ടികളാണ് മനുഷ്യബോംബുകളാകുന്നത്. ഇവരുമായി സംസാരിക്കാന്‍ സൈന്യം ശ്രമിച്ചുവരികയാണെന്നും നിഷ്‌കളങ്കരായ കുട്ടികളുമായി ഏറ്റുമുട്ടാന്‍ ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

കിരാതമായ സൈന്യമല്ല നമ്മുടേത്. സൈന്യത്തിന് ആരുടെയും തലകള്‍ എടുക്കേണ്ട ആവശ്യമില്ല, കാരണം ഞങ്ങള്‍ അച്ചടക്കമുള്ള സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിന് പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികലമാക്കിയത് പരാമര്‍ശിക്കവേയാണ് ബിബിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.