ശമ്പള വര്‍ധന ആവശ്യപ്പെട്ട് മാലാഖമാര്‍ അനിശ്ചിതകാല സമരത്തില്‍

single-img
28 June 2017

ശമ്പള വര്‍ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ശമ്പള വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് സമരം ആരംഭിക്കുമെന്നും യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.

ദിവസവും 1000 രൂപ വരെ ഓരോ രോഗികളില്‍ നിന്നും ഫീസ് ഇനത്തില്‍ ഈടാക്കുന്ന മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്ക് തുച്ഛമായ വേതനം നല്‍കുന്നു. ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കുമ്പോഴും തങ്ങള്‍ക്ക് 2000 മുതല്‍ 9000 വരെ ശമ്പളം നല്‍കുന്ന മാനേജ്‌മെന്റിന്റെ രീതിയില്‍ മാറ്റം വരണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കാതെ തന്നെ ഡ്യൂട്ടി ഇല്ലാത്ത നഴ്‌സുമാര്‍ മാത്രമാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നത്.

സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നിലനില്‍ക്കുന്നതെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു. പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലില്‍ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശയിലുണ്ടായിരുന്ന തുക പോലും നല്‍കുന്നില്ല. നഴ്‌സിങ്ങ് ഫീസ് ഇനത്തില്‍ ഒരു രോഗിയില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ ദിവസേന 300 മുതല്‍ 1000 രൂപ വരെ ഈടാക്കുമ്പോള്‍ പ്രതിമാസം നഴ്‌സുമാര്‍ക്ക് നല്‍കുന്നത് 5000 മുതല്‍ ആറായിരം രൂപ വരെയാണ്. ഇതുകൊണ്ട് എങ്ങനെ ജീവിക്കാനാകുമെന്നും നഴ്‌സുമാര്‍ ചോദിക്കുന്നു.

ലോണ്‍ എടുത്ത് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ ഇപ്പോള്‍ ലോണ്‍ തിരിച്ചടയ്ക്കാനായി പണം പലിശക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മുന്നോട്ടുള്ള അവസ്ഥ എന്താകുമെന്നും നഴ്‌സുമാര്‍ ചോദിക്കുന്നു. അടുത്ത മാസം ഇരുപതിനാണ് മാനേജുമെന്റുകളും സര്‍ക്കാരുമായുള്ള ചര്‍ച്ച. അതുവരെ സമരം തുടരുമെന്നും നഴ്‌സുമാര്‍ അറിയിച്ചു.