നെസ്ലേ, റിലയന്‍സ് പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍; പരിശോധന ഫലവുമായി തമിഴ്‌നാട് മന്ത്രി

single-img
28 June 2017


ചെന്നൈ: ഇന്ത്യയിലെ നമ്പര്‍ വണ്‍ പാല്‍പ്പൊടി ബ്രാന്‍ഡുകളായ നെസ്ലേ, റിലയന്‍സ് എന്നിവയില്‍ അപകടകരമായ രാസവസ്തുക്കള്‍. കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധന ഫലം തമിഴ്‌നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെടി രാജേന്ദ്ര ബാലാജിയാണ് പുറത്തുവിട്ടത്. പ്രൈവറ്റ് കമ്പനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍പ്പൊടി കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഒരാഴ്ച മുന്‍പ് രാജേന്ദ്ര ബാലാജി പറഞ്ഞിരുന്നു.

തെളിവുകളില്ലാതെ ആരോപണം ഉന്നയിച്ച മന്ത്രിക്കെതിരെ പ്രൈവറ്റ് കമ്പനികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബില്‍ ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്ത വിവരവുമായി മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. നെസ്ലേയുടേയും റിലയന്‍സിന്റേയും പാല്‍പ്പൊടി ഉത്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നത് തെളിഞ്ഞെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഈ രണ്ടു കമ്പനികളുടെ പാല്‍പ്പൊടി ഉത്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.