‘ആര്‍എസ്എസിനോടുള്ള എതിര്‍പ്പ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്’; സെമിനാറില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുനീര്‍

single-img
28 June 2017

രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ആര്‍എസ്എസ് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ആര്‍എസ്എസിനോടുള്ള ആശയപരമായ എതിര്‍പ്പ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ഇനി എന്നെങ്കിലും ആര്‍എസ്എസ് വേദിയില്‍ പോകേണ്ട ഗതികേട് വന്നാല്‍ അവിടെ വെച്ച് ഉറക്കെ പ്രഖ്യാപിക്കുന്നത് ബഹറില്‍ മുസല്ലയിട്ടു നമസ്‌കരിച്ചാലും ആര്‍എസ്എസിനെ വിശ്വസിക്കില്ല എന്ന് തന്നെയായിരിക്കും.അത് പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിഞ്ഞിരുന്നു എയ്യുന്ന ഒരു അമ്പും തന്റെ നെഞ്ചില്‍ തറക്കില്ലെന്നും മുനീര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ആരെങ്കിലും തന്റെ പേര് വെച്ച് പ്രോഗ്രാം നോട്ടീസ് അടിച്ചു ഇറക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം തനിക്കില്ല. ആര്‍എസ് എസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ ഒരു കാലത്തും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തിയതി രാഷ്ട്രീയ കൊലപാതത്തിനെതിരായ യുഡിഎഫ് കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ കണ്ണൂരില്‍ ആയിരിക്കും. രണ്ടാം തിയതി പ്രസിഡന്റ് സ്ഥാനാര്‍ഥി മീരാകുമാര്‍ വരുന്ന മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ യുഡിഎഫ് എംഎല്‍എമാരോടൊപ്പം തിരുവനന്തപുരത്തും. എന്റെ ഡയറി നോക്കിയാല്‍ ആര്‍ക്കും ഈ സത്യം മനസ്സിലാകുന്നതാണ് എന്നും മുനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.