സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം; ‘വിളിക്കാത്ത യോഗത്തിന് റവന്യുമന്ത്രി എന്തിന് പങ്കെടുക്കണം’

single-img
28 June 2017

തിരുവനന്തപുരം: മൂന്നാര്‍ പ്രശ്‌നത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. റവന്യു മന്ത്രിയെ ഒഴിവാക്കിയുളള മൂന്നാര്‍ ഉന്നതതലയോഗത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഔദ്യോഗികമായി സിപിഐക്ക് ഇതിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പത്രങ്ങളില്‍ വന്ന വാര്‍ത്തയൊന്നും ശരിയല്ല. തങ്ങളെ അങ്ങനൊരു യോഗത്തിന് വിളിച്ചിട്ടില്ല. അത്തരത്തിലൊരു യോഗത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യുമന്ത്രി പങ്കെടുക്കണം. ഇങ്ങനെയൊരു കീഴ്‌വഴക്കം മുന്‍പ് ഉണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു.

ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ മാറ്റണമോ വേണ്ടയോ എന്നത് മാധ്യമങ്ങളുടെയും ഏതെങ്കിലും കക്ഷികളുടെയോ കാര്യമല്ല. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍ നയമാണ്. അതാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. അത് ആരുടേയും ഔദാര്യമല്ല. സി.പി.എം മാത്രമല്ല സര്‍ക്കാര്‍. ഏതു യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം അതൊക്കെ ചോദ്യം ചെയ്യാന്‍ ഇവിടെ കോടതികള്‍ ഉണ്ടെന്ന് ബോധ്യം വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, റവന്യൂമന്ത്രിയെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. റവന്യൂമന്ത്രി ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടാവില്ല. അതിന് സര്‍ക്കാരിന് എന്തുചെയ്യാന്‍ കഴിയും. ഈ നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന നിയമപ്രശ്‌നം മനസ്സിലാക്കാനും പരിഹരിക്കാനും കഴിയില്ലെങ്കില്‍ മന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് വേണ്ടിയല്ല, ഈ പ്രദേശത്തെ മുഴുവന്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നമാണെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞു.