തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ‘ക്രിമിനല്‍ അന്വേഷണമുണ്ടെങ്കിലും എഡിജിപിയാകാന്‍ യോഗ്യന്‍’

single-img
28 June 2017

കൊച്ചി: നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ. തച്ചങ്കരിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്നും സര്‍വീസ് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ കാര്യങ്ങളാണ് അദ്ദേഹം നിര്‍വഹിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തച്ചങ്കരിക്കെതിരായ രണ്ട് ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ആരോപണ വിധേയനായ തച്ചങ്കരിക്ക് പോലീസ് ആസ്ഥാനത്തിന്റെ ചുമതല നല്‍കിയത് ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. നിയമപരമായാണ് തച്ചങ്കരിയുടെ നിയമനമെന്നും സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു.

നേരത്തെ ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയായി നിയമിച്ചത് പൊലീസ് മേധാവി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്നും ഡിജിപി എന്നൊരു തസ്തികയുടെ ആവശ്യമുണ്ടോ എന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.