സംസ്ഥാനത്ത് പകര്‍ച്ചപ്പനി മരണസംഖ്യ ഉയരുന്നു; ഡെങ്കി ബാധിച്ച് മരിച്ചത് 56 പേര്‍

single-img
28 June 2017

സംസ്ഥാനത്ത് പനി മരണം തുടരുന്നു. 11 പേര്‍കൂടി വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചു. സംസ്ഥാനത്തു പനി നിയന്ത്രണവിധേയമാണെന്ന്‌ ആരോഗ്യമന്ത്രി പ്രസ്താവിച്ചതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ തന്നെ റിപ്പോര്‍ട്ട്. അഞ്ച് പേര്‍ ഡെങ്കിപനി ബാധിച്ചും രണ്ട് പേര്‍ വൈറല്‍ പനി ബാധിച്ചും, ഒരാള്‍ എച്ച് വണ്‍ എന്‍ വണ്ണും ബാധിച്ചുമാണ് ഇന്നലെ മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 56 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്.

24000ത്തിലധികം പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി പരിഗണിച്ചാല്‍ ചികിത്സ തേടിയവരുടെ എണ്ണം ഇനിയും വര്‍ധിക്കും. പനി ബാധിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

തിരുവനന്തപുരം3119, കൊല്ലം1393, പത്തനംതിട്ട590, ഇടുക്കി250, കോട്ടയം1035, ആലപ്പുഴ1124, എറണാകുളം1599, തൃശൂര്‍2298, പാലക്കാട്2272, മലപ്പുറം3466, കോഴിക്കോട്2608, വയനാട്1102, കണ്ണൂര്‍2024, കാസര്‍ഗോഡ്753 എന്നിങ്ങനെയാണു ഇന്നലെ പനി ബാധിച്ചു സംസ്ഥാനത്തു ചികിത്സയ്‌ക്കെത്തിയവരുടെ കണക്ക്. 209 പേര്‍ക്ക് ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചു.

അതിനിടെ പനി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചീകരണ യഞ്ജം ഇന്നും തുടരും. ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മൂന്ന് ദിവസത്തെ ശുചീകരണ യഞ്ജത്തിലൂടെ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.