‘ദിലീപിനെ വിളിച്ചത് ടോയ്‌ലറ്റിന്റെ തറയില്‍ കിടന്ന്, ഫോണ്‍ ഒളിപ്പിച്ചത് പാചകപ്പുരയില്‍’; സുനിയുടെ മൊഴി

single-img
28 June 2017

തിരുവനന്തപുരം: സി.സി.ടി.വിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ടോയ്‌ലറ്റിന്റെ തറയില്‍ കിടന്നുകൊണ്ടാണ് നടന്‍ ദിലീപിനെ ബ്ലാക്ക് മൈല്‍ ചെയ്യാന്‍ ഫോണ്‍ വിളിച്ചതെന്ന് പള്‍സര്‍ സുനിയുടെ മൊഴി. ഓരോ തവണയും ഉപയോഗത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. പാചകപ്പുരയിലെ ചാക്കുകെട്ടുകളിലാണ് ഫോണ്‍ ഒളിപ്പിച്ചത് എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലിലാണ് പള്‍സര്‍ സുനി.

വഞ്ചനാക്കേസില്‍ മരട് കോടതിയില്‍ ഹാജരാക്കിയ തിരുവനന്തപുരം സ്വദേശിയായ നിയമവിദ്യാര്‍ത്ഥിയുടെ ഷൂവിനുള്ളില്‍ വച്ചാണ് വിഷ്ണു നല്‍കിയ മാബൈല്‍ ഫോണ്‍ സുനിക്ക് ജയിലിലെത്തിച്ചത്. വിളികള്‍ക്ക് ശേഷം ഫോണ്‍ ജയിലിന് പുറത്തു കടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിഷ്ണുവില്‍ നിന്ന് ഡോക്കോമോ സിം കാര്‍ഡുള്ള ഈ ഫോണ്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, സുനി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.