ദിലീപിന്റെ പരാമര്‍ശം രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം; ദിലീപിനെതിരെ ഡിജിപിക്ക് പരാതി • ഇ വാർത്ത | evartha
Kerala

ദിലീപിന്റെ പരാമര്‍ശം രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം; ദിലീപിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ ചാനല്‍ വാര്‍ത്തകളിലൂടെ ദിലീപ് അപമാനിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി പരാതി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച് ദിലീപ് ഒരു സ്വകാര്യ ചാനലില്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്കിടയാക്കിയിരിക്കുന്നത്.

നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. ഈ പരാമര്‍ശം ക്രിമിനല്‍ കുറ്റമാണെന്ന് നവാസിന്റെ പരാതിയില്‍ പറയുന്നു. ദിലീപിന് രണ്ടു വര്‍ഷം തടവും പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി നല്‍കണമെന്നാണ് പരാതിയില്‍ പറയുന്നത്. ദിലീപിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.