പനിമരണം: വിദഗ്ദ്ധ സംഘത്തെ അയയ്ക്കാന്‍ കേന്ദ്രത്തിന് രമേശ് ചെന്നിത്തലയുടെ കത്ത്

single-img
28 June 2017


തിരുവനന്തപുരം: പനിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രത്തിന് കത്തെഴുതി. പനിബാധിച്ച് നിരവധി പേരാണ് മരിച്ചത്. പകര്‍ച്ച വ്യാധികള്‍ കേരളത്തില്‍ പിടിമുറുക്കുകയാണെന്നും കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദക്കയച്ച കത്തില്‍ ചെന്നിത്തല വ്യക്തമാക്കുന്നു.

പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണ്. സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ക്കും ജനങ്ങള്‍ക്കിടയില്‍ പനി പടര്‍ന്ന് പിടിക്കുന്നതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളിലുളള പരിമിതികളും ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭാവവുമാണ് ഇതിന് കാരണം.

അതോടൊപ്പം ജനിതകമാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകുകയും അവയെ നശിപ്പിക്കാന്‍ കഴിയാതെയും വന്നിരിക്കുകയാണ്. ഇതിന്റെ ഫലമായി എച്ച് 1 എന്‍ 1 ,ഡെങ്കി, മഞ്ഞപ്പിത്തം,കോളറ തുടങ്ങിയവ സംസ്ഥാനത്ത് പടരുകയാണ്. ഇത്തരം പനികള്‍ പടര്‍ന്ന് പിടിക്കുകയും അതുവഴി നിരവധിയാളുകള്‍ ദിനംപ്രതി മരിക്കുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത് എന്നും കത്തില്‍ പറയുന്നു.