സംസ്ഥാനത്ത് വനിതാ-ശിശു വികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

single-img
28 June 2017

സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റ മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു.

അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണ്ണയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും.

വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും. പുതിയ വകുപ്പിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.