പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അസാധുവാകും

single-img
28 June 2017

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രം. ജൂലൈ ഒന്നിന് മുമ്പ് പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കും. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കാനാണ് സര്‍ക്കാറിന്റ പദ്ധതി. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഒന്നിലധികം പാന്‍കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

പാന്‍ കാര്‍ഡ് എടുക്കാനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍നിന്ന് അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെയും 80 വയസ്സു കഴിഞ്ഞവരെയും കേന്ദ്രം നേരത്തെ ഒഴിവാക്കിയിരുന്നു. 80 വയസ്സു കഴിഞ്ഞ ഇന്ത്യയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്കും ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും ഒഴിവ് ബാധകമാണ്.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് ഇവ:

കേവലം രണ്ടു പടികളിലൂടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം.

www.incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ഇവ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു ലോഗിന്‍ ചെയ്യുക. ലോഗിന്‍ ഐഡി, പാസ് വേഡ്, ജനന തീയതി ഇവ സഹിതം ലോഗിന്‍ ചെയ്യുക.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള ലിങ്ക് ജാലകം തുറന്നു വരും

പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ എന്നിവ ജാലകത്തില്‍ തെളിയുന്നു. അവ ശരിയെന്ന് ഒന്നു കൂടി ഉറപ്പാക്കുക. അവയും ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഒന്നു തന്നെയെന്നു ഉറപ്പാക്കുക.

അവ രണ്ടും ശരിയെങ്കില്‍ ലിങ്ക് നൗ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. ഇരു കാര്‍ഡ് നമ്പറുകളും ബന്ധിപ്പിച്ചതായി സന്ദേശം ലഭിക്കും.

പാന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും വിവരങ്ങള്‍ വ്യത്യസ്തമെങ്കില്‍ ഉചിതമായ തെളിവുകള്‍ സഹിതം അവ തിരുത്തുക.

പേരു മാറ്റമുണ്ടെങ്കില്‍ ആധാര്‍ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതിനായി പാന്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ് ലോഡ് ചെയ്യുക.

മറ്റൊരു വഴി. പേരു മാറ്റമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പ് വെബ് സൈറ്റില്‍ നിന്നു വണ്‍ ടൈം പാസ് വേഡ് അയച്ചു നല്‍കും. ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണു സന്ദേശം വരിക. ഈ വണ്‍ ടൈം പാസ് വേഡ് ഉപയോഗിച്ചു രണ്ടും ബന്ധിപ്പിക്കാം.