ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് വീണ്ടും കോടതി നോട്ടീസ്

single-img
27 June 2017

തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട കേസില്‍ യുവതിക്ക് വീണ്ടും കോടതി നോട്ടീസ്. നുണപരിശോധനക്കും ബ്രെയിന്‍ മാപ്പിങ്ങിനും ഹാജരാകുന്നത് സംബന്ധിച്ച നിലപാട് കോടതിയില്‍ നേരിട്ട് ഹാജരായി വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഇക്കാര്യം നേരത്തെ കോടതി ആവശ്യപ്പെട്ടെങ്കിലും ഹാജരാകാന്‍ യുവതി തയാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോടതി വീണ്ടും നോട്ടീസയച്ചത്. ഗംഗേശാനന്ദ തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ യുവതി പിന്നീട് ആ മൊഴി തന്നെ മാറ്റി പറഞ്ഞിരുന്നു.
അയ്യപ്പദാസ് എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടത്. തന്റെ കുടുംബത്തില്‍ നിന്നും ഗംഗേശാനന്ദയില്‍ നിന്നും അയ്യപ്പദാസ് പണം തട്ടിയെന്നും യുവതി മൊഴി നല്‍കുകയായിരുന്നു. ഇതോടെയാണ് മൊഴികളിലെ വാസ്തവം കണ്ടെത്താന്‍ യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.കോടതി ഇതിന് അനുമതിയും നല്‍കി.
അതേസമയം യുവതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ നുണപരിശോധന നടത്താനാകൂ. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കണമെന്ന് യുവതിയോട് നിര്‍ദേശിച്ചത്. യുവതിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹേര്‍ബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു. മാതാപിതാക്കള്‍ക്കൊപ്പം യുവതി വീട്ടിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് അയ്യപ്പദാസ് ഹര്‍ജി പിന്‍വലിച്ചത്.