ദിലീപിനെതിരെ നടി പരാതി നല്‍കിയേക്കും;ദിലീപിന്റെ ചാനല്‍ വെളിപ്പെടുത്തല്‍ നിഷേധിച്ച് ലാലും

single-img
27 June 2017

തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് നടന്‍ ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയേക്കുമെന്ന് സൂചന. പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍സുനിയും നടിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ ദിലീപ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് ഷോയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. ഈ വിവരങ്ങള്‍ തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. താന്‍ ഒരിക്കലും ഇത്തരം ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ വളരെ ശ്രദ്ധിക്കുന്നയാളാണ്. പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുള്ള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്.

അതേസമയം ദിലീപിന്റെ പരമാര്‍ശത്തിനെതിരെ സംവിധായകന്‍ ലാലും രംഗത്തെത്തി.നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളാണോ എന്ന് തനിക്ക് അറിയില്ല. അങ്ങനെ അവരെ ഒരിടത്തും കണ്ടിട്ടുമില്ല. തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ദിലീപ് പറയുന്നതെന്നാണ് സംവിധായകന്‍ ലാലിന്റെ നിലപാട്.

അതിനിടെ കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്‍കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.