മുഖ്യമന്ത്രിയുടെ മാതൃക പിന്തുടര്‍ന്ന് കുമ്മനത്തിനും മൂന്ന് ഉപദേശകര്‍; നിയമനം കേന്ദ്ര നിര്‍ദേശ പ്രകാരം

single-img
25 June 2017

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മൂന്ന് ഉപദേശകരെ നിയമിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് സാമ്പത്തികം, മാധ്യമം, വികസനം, അസൂത്രണം എന്നീ മേഖലകളിലേക്ക് കുമ്മനം രാജശേഖരന്‍ ഉപദേശകരെ നിയമിച്ചത്. ഡോ.ജി.സി ഗോപാലപിള്ള, ഹരി എസ് കര്‍ത്താ, കെ ആര്‍ രാധാകൃഷ്ണപിള്ള എന്നിവരാണ് ബിജേപിയുടെ സംസ്ഥാന പ്രസിഡന്റിനെ വിവിധ മേഖലകളില്‍ സഹായിക്കാനുണ്ടാകുക. മൂവരും പാര്‍ട്ടി ആസ്ഥാനത്ത് ജോലി തുടങ്ങി.

നേരത്തെ കൊച്ചി മെട്രോയിലെ കുമ്മനത്തിന്റെ യാത്ര ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വന്‍ വിവാദമായിരുന്നു. കുമ്മനത്തിന്റെ സാമ്പത്തിക ഉപദേഷ്ഠാവായി ചുമതലയേറ്റ ഗോപാലപിള്ള ഫാക്ടിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനാണ് ഗോപാലപിള്ളയെ നിയോഗിച്ചിരിക്കുന്നത്. കിന്‍ഫ്രയുടെ സ്ഥാപക എംഡിയായിരുന്ന പിള്ള യുഡിഎഫുമായും മുസ്ലിം ലീഗ് നേതൃത്വമായും അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു.

ജന്മഭൂമി ചീഫ് എഡിറ്ററായ ഹരി എസ് കര്‍ത്തയെ മാധ്യമ ഉപദേഷ്ഠാവായാണ് നിയമിച്ചത്. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടം, ചാനല്‍ ചര്‍ച്ചകളിലെ നേതാക്കളുടെ ഭിന്നാഭിപ്രായം, തുടങ്ങിയ മേഖലകളായിരിക്കും ഹരി കൈകാര്യം ചെയ്യുക. ആസൂത്രണം ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണപിള്ള വികസം, ആസൂത്രണം എന്നീ മേഖലകളില്‍ കുമ്മനത്തെ സഹായിക്കും.

ഇനിയും ഉപദേഷ്ടാക്കളെ കണ്ടെത്താനാണു തീരുമാനം. ചിലരുടെ നിയമനം ബിജെപി വൃത്തങ്ങളില്‍ തന്നെ ഭിന്നാഭിപ്രായത്തിനും വഴിവച്ചു. സംസ്ഥാന നേതൃത്വത്തെ പ്രഫഷനലാക്കണമെന്നാണു കേന്ദ്രനേതൃത്വത്തിന്റെ കാഴ്ച്ചപ്പാട്. ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ‘മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള’ സൗകര്യം കൂടെയുണ്ടാകണമെന്നു നിഷ്‌കര്‍ഷിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ മാതൃക പിന്തുടര്‍ന്ന് ഉപദേഷ്ടാക്കളെ പാര്‍ട്ടി നിയമിച്ചു തുടങ്ങിയത്.