ഡോക്ടര്‍മാര്‍ അനാവശ്യമായി അവധി എടുക്കരുത്: കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി

single-img
25 June 2017

കോഴിക്കോട്: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അനാവശ്യമായി അവധി എടുക്കുകയോ നേരത്തെ ഒപി അവസാനിപ്പിക്കുകയോ ചെയ്താല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ സമയ ചികിത്സ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിലയിടങ്ങളില്‍ നേരത്തെ ഒ.പി നിര്‍ത്തി പോകുന്നതും അനാവശ്യമായി ഡോക്ടര്‍മാര്‍ അവധിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണമെന്നില്ലെന്നും പിരിഞ്ഞു പോകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെല്ലാം ഇത്തരത്തിലാണെന്ന് ഇതിന് അര്‍ഥമില്ല. നിലവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ത്യാഗപൂര്‍ണമാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തുമെന്നും ശൈലജ വ്യക്തമാക്കി.