മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന വ്യാജപ്രചരണം: ഭിന്നശേഷിക്കാരന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം

single-img
25 June 2017

കൊച്ചി: കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന് ആരോപിച്ച് ശാരീരിക പരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഭിന്നശേഷി കമ്മിഷണര്‍ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി. ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കി.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മരണാസന്നനായി കിടക്കുന്ന അനിയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം സങ്കടത്തിലായ എല്‍ദോയോട് വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കൊച്ചി മെട്രോയുടെ സീറ്റില്‍ കിടന്ന് ഉറങ്ങിയത്. എല്‍ദോ കിടന്നുറങ്ങുന്ന ചിത്രങ്ങളെടുത്ത് കൊച്ചി മെട്രോയിലെ ആദ്യത്തെ ‘പാമ്പ്’ എന്ന തലക്കെട്ടോടെ സംസാരശേഷിയും കേള്‍വിശക്തിയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ശേഷമാണ് ഡിസേബിലിറ്റി കമ്മിഷണര്‍ വിഷയത്തില്‍ ഇടപെട്ടത്.

ഭിന്നശേഷിക്കാരനായ എല്‍ദോ സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടത് ഗൗരത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ദോയുടെ ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാനും പ്രചരിക്കാനുമിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടതായി കമ്മിഷണര്‍ പറഞ്ഞു.