കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി ടൈംസ് നൗ; ഏഴ് വര്‍ഷം മുമ്പുള്ള ഫോട്ടോഷോപ്പ് ചിത്രവുമായി മതപരിവര്‍ത്തന ചര്‍ച്ച

single-img
24 June 2017

ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പു പ്രചരിച്ച ഫോട്ടോഷോപ്പ് ഇമേജിലൂടെ കേരളം ഭീകരവാദത്തിന് വളംവെക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയ ടൈംസ് നൗ ചാനലിനെ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്. കാസര്‍കോട് ഹിന്ദു മതസ്ഥരായ പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ക്കുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നതായി സ്ഥാപിക്കാന്‍ ഇന്നലെ ടൈംസ് നൗവിലെ പ്രൈം ടൈം ചര്‍ച്ചയില്‍ ഉപയോഗിച്ചത് വ്യാജമായ ഫോട്ടോഷോപ്പ് ചിത്രമാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍കോഡ് ഉള്ള ട്യൂഷന്‍ ക്ലാസുകളിലും പരിശീലന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച്, ഹിന്ദു മതസ്ഥരായ വിദ്യാര്‍ത്ഥികളെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ പ്രലോഭന ശ്രമങ്ങളുണ്ടെന്ന് സ്ഥാപിക്കാനാണ് വ്യാജ കാര്‍ഡിനെ ആശ്രയിച്ച് ടൈംസ് നൗ ചര്‍ച്ച നടത്തിയത്. ബ്രാഹ്മിണ്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപ, പഞ്ചാബി സിഖ് പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് ഏഴ് ലക്ഷം രൂപ, ക്ഷത്രിയ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് നാലര ലക്ഷം രൂപ, ഒബിസി, എസ് സി, എസ് ടി പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് രണ്ട് ലക്ഷം രൂപ, ബുദ്ധ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് ഒന്നര ലക്ഷം രൂപ, ജെയിന്‍ പെണ്‍കുട്ടിയെ മതം മാറ്റുന്നതിന് മൂന്ന് ലക്ഷം രൂപ, റോമന്‍ കത്തോലിക്കാ പെണ്‍കുട്ടിയെ മതം മാറ്റാന്‍ നാല് ലക്ഷം രൂപ എന്നിങ്ങനെയാണ് നിങ്ങളുടെ വിശ്വാസത്തിന് വിലയിട്ടിരിക്കുന്നതെന്നാണ് അവതാരകന്‍ വാദിക്കുന്നത്.

ഏറെ നാളുകളിലായി വാട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്ന കാര്‍ഡാണ് ചാനല്‍ ചര്‍ച്ചാ വിഷയമായെടുത്തത്. 2010 ഫെബ്രുവരി അഞ്ചിന് ‘സിഖ് ആന്റ് ഇസ്ലാം’ എന്ന ബ്ലോഗിലും പിന്നീട് 2014, 2016 വര്‍ഷങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ച നോട്ടീസ് കാസര്‍കോട് നിന്നുള്ളതാക്കി മാറ്റുകയായിരുന്നു എന്നതാണ് ഈ നോട്ടീസിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസിലാകുക. 2010ല്‍ ഇതേ പോസ്റ്ററിനെക്കുറിച്ച് ശിവസേന മുഖപത്രമായ സാംമ്‌നയുടെ ആറാംപേജിലും വാര്‍ത്ത വന്നിരുന്നു.

”LOVE JIHAD IN VADODARA COMES WITH A PRIZE TAG’ എന്ന തലക്കെട്ടിലാണ് 2016ല്‍ ഈ പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇത് സീന്യൂസ്, വണ്‍ഇന്ത്യ, ദൈനിക് ഭാസ്‌കര്‍, ഇന്ത്യാ ഡോട്ട്.കോം തുടങ്ങിയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. 2014 ലും ഇത് വൈറലായിരുന്നു. തുടര്‍ന്ന് എ.ബി.പി ന്യൂസ് ഈ പോസ്റ്ററിനെക്കുറിച്ച് അന്വേഷിക്കുകയും പോസ്റ്ററില്‍ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇത് വ്യാജമാണെന്ന് തെളിഞ്ഞു.

ഈ ചിത്രം ഫോട്ടോഷോപ്പ് ആണെന്നത് അത് വിശദമായി പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകുമെന്ന് ആള്‍ട്ട് ന്യൂസ് പറയുന്നു. ‘in the name of allah……most merciful, most benificiary’ എന്ന വാക്കോടെയാണ് ഇത് തുടങ്ങുന്നത് എന്നതാണ് ഇത് ഫോട്ടോഷോപ്പ് ആണെന്നതിന് തെളിവായി നിരത്തുന്ന ഒരു കാര്യം. ഈ നോട്ടീസ് ഇസ്ലാമിക സംഘടനകള്‍ പുറത്തിറക്കിയതായിരുന്നെങ്കില്‍ the Most Beneficent, the Most Merciful’ എന്നേ ഉപയോഗിക്കൂ. മറ്റൊന്ന് ഈ നോട്ടീസിന്റെ ഏറ്റവും മുകളിലായുള്ള ഹൃദയാകൃതിയിലുള്ള ചിത്രമാണ്. ഈ ചിത്രത്തിനുള്ളിലുള്ള തോക്കിന്റെ ആകൃതിയിലുള്ള ലോഗോ ലെബനനീസ് ഷിയാ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ഫ്‌ളാഗാണ്. ഐഎസിനെ തകര്‍ക്കാന്‍ സിറിയയെ സഹായിക്കുന്നവരാണ് ഹിസ്ബുള്ള. അങ്ങനെയിരിക്കെ ഐഎസിസ് പുറത്തിറക്കിയതെന്നു പറയുന്ന നോട്ടീസില്‍ എങ്ങനെ ഹിസ്ബുള്ളയുടെ കൊടിയടയാളം വരികയെന്നും ആള്‍ട്ട് ന്യൂസ് ചോദിക്കുന്നു.

നേരത്തെ അമിത് ഷായുടെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെ പാകിസ്ഥാന്‍ എന്നായിരുന്നു ടൈംസ് നൗ ചാനല്‍ വിശേഷിപ്പിച്ചത്. അമിത് ഷാ പോകുന്നത് ‘ഇടിമുഴങ്ങുന്ന പാകിസ്താനി’ലേക്കാണെന്നാണ് എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ ടാഗ്ലൈന്‍. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ചാനല്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വ്യാജ വാര്‍ത്തയുമായി ടൈംസ് നൗ വീണ്ടും എത്തിയിരിക്കുന്നത്.