ഉപാധികള്‍ യുക്തിരഹിതവും അപ്രായോഗികവും; ഉപരോധം പിന്‍വലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തള്ളി ഖത്തര്‍

single-img
24 June 2017


ദോഹ: ഉപരോധം അവസാനിപ്പിക്കുന്നതിനായി സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ തള്ളി ഖത്തര്‍. കര്‍ശന നിര്‍ദേശങ്ങളും ത്വരിത നടപടികളും ആവശ്യപ്പെട്ട് മൂന്ന് ജിസിസി രാജ്യങ്ങള്‍ നല്‍കിയ 13 ഇന നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്നാണ് ഖത്തര്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്തിരഹിതവും അപ്രായോഗികവുമായ ഈ ഉപാധികള്‍ ഖത്തറിന്റെ പരമാധികാരത്തെയും വിദേശ നയത്തെയും പരിമിതപ്പെടുത്തുന്നതാണെന്നും ഖത്തര്‍ വക്താവ് അറിയിച്ചു.

ഉപരോധം അവസാനിപ്പിക്കുന്നതിനായി സൗദിയും സഖ്യരാജ്യങ്ങളും കഴിഞ്ഞ ദിവസമാണ് അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുന്നതടക്കമുള്ള 13 ഉപാധികള്‍ മുന്നോട്ട് വെച്ചത്. പത്ത് ദിവസത്തിനകം ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചു പൂട്ടുക തുടങ്ങിയവയാണ് മറ്റു പ്രധാന ഉപാധികള്‍. എന്നാല്‍ കാര്യപ്രസക്തമായ ആവശ്യങ്ങളല്ല സൗദിയും കൂട്ടരും ഉന്നയിച്ചിരിക്കുന്നതെന്നും നടപടി ആവശ്യമില്ലാത്ത നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നും പറഞ്ഞ് ഖത്തര്‍ ഭരണകൂടം ഈ നിര്‍ദ്ദേശങ്ങള്‍ തള്ളുകയായിരുന്നു.

ഖത്തറിനെതിരേ ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണെന്നായിരുന്നു ഖത്തറിന്റെ പ്രധാന ആരോപണം. തുടക്കം മുതല്‍ ഖത്തര്‍ എന്താണോ പറഞ്ഞിരുന്നത് അക്കാര്യം ശരിവയ്ക്കുകയാണ് പട്ടിക കൈമാറിയതിലൂടെ വ്യക്തമായതെന്ന് ഖത്തര്‍ വാര്‍ത്താ വിതരണ ഓഫീസ് ഡയറക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി പറഞ്ഞു. ഖത്തറിന്റെ നയങ്ങള്‍ മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് നടക്കില്ലെന്നും സൈഫ് പറഞ്ഞു. അതേ സമയം നിര്‍ദേശങ്ങളടങ്ങിയ പട്ടിക ഖത്തര്‍ തള്ളിയതോടെ ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് ഉടന്‍ അയവ് വരില്ലെന്നാണ് സുചന.