നരേന്ദ്ര മോദി സ്വകാര്യ ഇടങ്ങളെ മാനിക്കാതെ ആളുകളെ ചാടിക്കയറി ആലിംഗനം ചെയ്യുന്നത് ഉചിതമോ?

single-img
24 June 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പോർച്ചുഗൽ സന്ദർശിച്ച് അവിടുത്തെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെ ആലിംഗനം ചെയ്യുന്ന ചിത്രം ട്വിറ്ററിൽ വന്നിട്ടുണ്ട്. ആ ആലിംഗനത്തിൽ എന്തോ ഒരു വശപ്പിശകില്ലേ? ഒറ്റനോട്ടത്തിൽ ആർക്കും തോന്നും.

പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെ ആലിംഗനം ചെയ്യുന്ന മോദി

ഗൂഗിളിൽ ഒന്നു സെർച്ച് ചെയ്താൽ കൂടുതൽ ചിത്രങ്ങൾ ലഭ്യമാകും. നമ്മുടെ പ്രധാനമന്ത്രി ഓരോ ലോകനേതാക്കളേയും കാണുമ്പോൾ അവരെ ചാടിക്കയറി കെട്ടിപ്പിടിക്കുന്നുണ്ട്. ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് ഒരു വലിയ തെറ്റാണോ എന്നതാണു അടുത്ത ചോദ്യം. അതു ഓരോ വ്യക്തിയുടേയും സ്വകാര്യതാ സങ്കൽപ്പങ്ങൾ അനുസരിച്ചു മാറും എന്നതാണു ഉത്തരം.

സ്വകാര്യ ഇടം /വ്യക്തിഗത ഇടം (Personal space) എന്നത് ഒരു വ്യക്തിയുടെ അവകാശമാണു. സ്വകാര്യ ഇടങ്ങളും ജനസാന്ദ്രതയും എങ്ങനെ വ്യക്തികളുടെ പെരുമാറ്റം, ആശയവിനിമയം, സാമൂഹിക ഇടപെടലുകൾ എന്നിവയെ ബാധിക്കും എന്നു പഠിക്കുന്ന ഒരു പഠനശാഖ നിലവിലുണ്ട്. പ്രോക്സെമിക്സ് (Proxemics) എന്നുപേരുള്ള ഈ പഠനശാഖ ആരംഭിച്ചത് എഡ്വേർഡ് ട്വിച്ചൽ ഹോൾ എന്ന അമേരിക്കൻ നരവംശശാസ്ത്രജ്ഞൻ ആണ്.

മോദിയുടെ കരവലയത്തിൽ ഫെയ്സ്ബുക്ക് സി ഇ ഓ മാർക്ക് സുക്കർ ബർഗ്

വളരെയടുത്തത് (intimate), വ്യക്തിഗതം(personal), സാമൂഹികം (social), Public (പൊതുവായത്) എന്നിങ്ങനെയാണു ഒരു വ്യക്തിയ്ക്കുചുറ്റുമുള്ള തിരശ്ചീനമായ അകലത്തെ ഹോൾ തന്റെ പുസ്തകത്തിൽ തരം തിരിക്കുന്നത്. ഇതിൽ പരിചയം മാത്രമുള്ള ഒരു അപരനു കടന്നു ചെല്ലാവുന്ന മാന്യമായ അകലത്തെയാണു സാമൂഹിക ഇടമായി പരിഗണിച്ചിരിക്കുന്നത്. അതിൽ അനുവദനീയമായ ഏറ്റവും കുറഞ്ഞ അകലം നാലടിയാണു. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അനുവദനീയമായ പെഴ്സണൽ സ്പേസിലെ കുറഞ്ഞ അകലം ഒന്നരയടിയാണു. അതിനുമപ്പുറത്തേയ്ക്കുള്ളത് (intimate space) വ്യക്തിയുടെ സ്വന്തം സാമ്രാജ്യമാണു. അയാൾ അനുവദിക്കുകയാണെങ്കിൽ അയാളുടെ പങ്കാളിക്കോ അത്രയും അടുപ്പമുള്ള മറ്റാർക്കെങ്കിലുമോ  മാത്രം കടന്നു ചെല്ലുവാൻ കഴിയുന്ന ഈ ഇടത്തിലാണു ആലിംഗനവും ചുംബനവുമൊക്കെ സാധ്യമാകുക.

ഈ ഇടങ്ങളിലേയ്ക് ഇടിച്ചുകയറുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ മാന്യതകുറഞ്ഞ ഇടപാടായിട്ടാണു കണക്കാക്കുന്നത്. ഇത്തരം ഇടിച്ചുകയറ്റങ്ങളോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നത്  വിവിധ പ്രദേശങ്ങളിലും സംസ്കാരങ്ങളിലും വ്യത്യസ്തമാണു. ഉദാഹരണത്തിനു എത്ര അടുപ്പമുള്ളവരേയും ഒരു കയ്യകലത്തിൽ നിർത്താൻ ആഗ്രഹിക്കുന്നവരാണു ഹംഗറിയിലുള്ളവർ. നോർവ്വേക്കാർ അപരിചിതരെ സുരക്ഷിത അകലത്തിൽ നിർത്തുകയും അടുപ്പമുള്ളവരെ ചേർത്തുപിടിക്കുകയും ചെയ്യും. അർജന്റീനയിൽ അകലങ്ങൾ കുറവാണു. ഒരു അപരിചിതനുപോലും അരമീറ്ററിനുള്ളിലെ അകലത്തിൽ കടന്നുചെല്ലാൻ കഴിയും.

മോദിയും അംബാനിയും

ഇത്തരത്തിൽ വ്യത്യസ്തതരത്തിൽ വ്യക്തിഗത ഇടങ്ങളുള്ള രാജ്യങ്ങളിൽ ഉടനീളം   കറങ്ങിനടക്കുന്ന നമ്മുടെ മോദിജിയാണു ആളുകളെ ചാടിക്കയറി കെട്ടിപ്പിടിക്കുന്നത്. ഇതൽപ്പം പക്വതയില്ലാത്തതും നിലവാരം കുറഞ്ഞതുമായ ഇടപാടാണെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?

മോദിയുടെ  ആലിംഗനങ്ങളെക്കുറിച്ച് ലോകമാധ്യമങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. കഴിഞ്ഞവർഷം ജനുവരിയിൽ വാഷിംഗ്ടൺ പോസ്റ്റ് ഇതിനെക്കുറിച്ച് ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ‘നരേന്ദ്രമോദി ലോകനേതാക്കളെ ആലിംഗനം ചെയ്യുന്നത് നിർത്തുകയില്ല, അതിനി എത്ര അരോചകമായാലും’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

  ‘ആളുകളെ കെട്ടിപ്പിടിക്കുന്ന നരേന്ദ്രമോദി’ എന്ന പേരിൽ അന്താരാഷ്ട്രമാധ്യമമായ ക്വാർട്സും ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

ഇയാദ് എൽ ബാഗ്ദാദി എന്ന പാലസ്തീനിയൻ അഭയാർത്ഥിയായ ട്വിറ്റർ സെലിബ്രിറ്റി ഈ മാസം മൂന്നാം തീയതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കൂട്ടം ട്വീറ്റുകളാണു മോദിയുടെ ‘പെഴ്സണൽ സ്പേസ് ‘ പ്രശ്നങ്ങളെ ഗൌരവമായി അവതരിപ്പിച്ചത്. മോദിയുടെ വിദേശയാത്രകളുടെ കുറേ ചിത്രങ്ങൾ ആക്ഷേപഹാസ്യം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണു ബാഗ്ദാദി ട്വീറ്റ് ചെയ്തത്. ഈജിപ്റ്റിൽ ആരംഭിച്ച അറബ് വസന്തത്തെ പിന്തുണച്ചതിന്റെ പേരിൽ യു ഏ ഇയിൽ നിന്നും നാടുകടത്തപ്പെട്ടയാളാണു ഇയാദ് എൽ ബാഗ്ദാദി. ഇദ്ദേഹം ഇപ്പോൾ നോർവെയിൽ അഭയാർത്ഥിയായി കഴിയുകയാണു. 

നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും കൂടി നടന്നുവരുന്ന ചിത്രം നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൌണ്ടിൽ നിന്നും റീട്വീറ്റ് ചെയ്തുകൊണ്ടാണു ബാഗ്ദാദിയുടെ ട്വീറ്റ് തുടങ്ങുന്നത്. 

 

മറ്റാരേയും ശ്രദ്ധിക്കാതെ പുട്ടിന്റെ കയ്യും പിടിച്ചു പൂന്തോട്ടത്തിലൂടെ നടക്കുന്ന ഈ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങൾ ബാഗ്ദാദി പോസ്റ്റ് ചെയ്തു.

ഒറ്റനോട്ടത്തിൽ അരോചകമായി തോന്നുന്ന മോദിയുടെ വക ആലിംഗനചിത്രങ്ങളുടെ ഒരു നിരയായിരുന്നു പിന്നീട് വന്നത്.

യു എ ഇ ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹിയാനെ ആലിംഗനം ചെയ്യുന്ന മോദി:

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസോയിസ് ഹോളണ്ട്

ഒബാമ നൈസ് ആയിട്ടു ഒഴിഞ്ഞുമാറുന്നു

പക്ഷേ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ പെട്ടു

‘ലോകനേതാക്കളെ അസ്വസ്ഥരാക്കുന്ന മോദി’ എന്ന പേരിൽ ഒരു ടംബ്ലർ ( ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ഒരു സമൂഹമാധ്യമം) ഉണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പിന്നീട് ബാഗ്ദാദി ചൂണ്ടിക്കാട്ടിയത് കുട്ടികളുടെ ചെവിപിടിച്ചു കിഴുക്കിക്കൊണ്ട് ഒരുതരം രൌദ്രത നിറഞ്ഞ സംതൃപ്തിയോടെ നിൽക്കുന്ന മോദിയുടെ ‘വിചിത്ര സ്വഭാവ‘ത്തെയാണു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മകൾ എല്ലയുടെ ചെവി പിടിച്ചു കിഴുക്കുന്ന മോദിയുടെ ചിത്രത്തിനു ബാഗ്ദാദിയുടെ കമന്റ് ഇങ്ങനെ: ‘കനേഡിയൻ കുട്ടികൾക്കും ഈ കിഴുക്കലിൽ നിന്നും മോചനമില്ല. നോക്കിക്കൊണ്ട് നിൽക്കാതെ എന്തെങ്കിലും പറയൂ ജസ്റ്റിൻ, കുട്ടികളെ രക്ഷിക്കൂ’

 

ചാടിക്കയറി ആലിംഗനം ചെയ്യുന്ന മോദിയുടെ സ്വഭാവം ലോകം മുഴുവൻ ചർച്ചയായിട്ടും മോദിക്കു മാത്രം ഒരു കുലുക്കവുമില്ല. ഇന്ന് പോർച്ചുഗൽ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത ചിത്രം ഇന്ത്യൻ എക്പ്രസ്സിൽ കാണാം. ഈ വിദേശയാത്രയിലും ‘ക്യൂട്ടും റൊമാന്റിക്കും’ ആയ ആലിംഗന ചിത്രങ്ങൾ മോദി ഗൂഗിൾ ഇമേജ് സെർച്ചിനായി സംഭാവന ചെയ്യും എന്ന് പ്രതീക്ഷിക്കാം.