നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവില്‍; അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്

single-img
24 June 2017

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതി പള്‍സര്‍ സുനിയുടെയും നടിയുടെയും മൊഴി വീണ്ടും പുറത്തു വന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. നേരത്തെ പള്‍സര്‍ സുനിയിലേക്ക് മാത്രം അന്വേഷണം ഒതുക്കാനായിരുന്നു പോലീസ് ശ്രമം. എന്നാല്‍ ഏതാണ്ട് 22 കോടി രൂപയോളം വരുന്ന സ്വത്ത് തന്റെ പേരില്‍ എഴുതി വയ്ക്കാന്‍ നടന്‍ ആവശ്യപ്പെട്ടുവെന്ന നടിയുടെ മൊഴി കേസിനെ ആകെ മാറ്റി മറിക്കും.

നടിയെ എന്തിന് ആക്രമിച്ചുവെന്നും ഇതിന്റെ പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നും സുനി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ബിനാമി സ്വത്ത് സംബന്ധിച്ച നടിയുടെ മൊഴിയും പുറത്തുവന്നതോടെ വസ്തുതകള്‍ സ്ഥിതീകരിക്കാന്‍ പൊലീസ് ബംഗളൂരുവിലേക്ക്. ഇവിടെയെത്തി ഇടപാടുകളുടെ രേഖകളും മറ്റും പരിശോധിച്ച് വിലയിരുത്തിയതിനു ശേഷമേ അറസ്റ്റില്‍ തീരുമാനമെടുക്കാനാവൂ.

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ആക്രമണത്തിനരായ നടിയുടെ മൊഴി വീണ്ടുമെടുത്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് എഡിജിപി ബി. സന്ധ്യയാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് പങ്കുണ്ടോ എന്നതായിരുന്നു നടിയോട് എഡിജിപിയുടെ ആദ്യ ചോദ്യം.

അതേ കുറിച്ച് അറിയില്ലെന്നും എന്നാല്‍ തന്നെ ചില സിനിമകളില്‍ നിന്ന് ഈ നടന്‍ ഒഴിവാക്കിയതായി അറിയാമെന്നും നടി മൊഴി നല്‍കി. ചില നിര്‍മ്മാതാക്കളോട് തന്നെ വച്ച് സിനിമയെടുക്കരുതെന്ന് ഈ നടന്‍ പറഞ്ഞിട്ടുള്ളതായി അറിയാമെന്നും വിശദീകരിച്ചു. ഇയാളുടെ പല റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ താനും ഉള്‍പ്പെട്ടിരുന്നു. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വാങ്ങിയിട്ടുള്ളതും തന്റെ പേരിലാണ്. ആദായനികുതി വെട്ടിപ്പിനു വേണ്ടിയാണ് ഇത്തരം പല ഇടപാടുകളും നടന്‍ ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു. ഈ സ്വത്തുക്കളിലുള്ള തര്‍ക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷമാണ്.

ആദ്യ ഭാര്യയുമായി ഇയാള്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ഈ സ്വത്തുകള്‍ നടന്റെ ആത്മമിത്രവും ബിസിനസ് പങ്കാളിയുമായ സംവിധായകന്റെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെടുകയായിരുന്നുന്നു. പക്ഷെ താന്‍ അതിനു വഴങ്ങിയില്ല. ആദ്യഭാര്യയുടെ പേരിലേക്ക് മാത്രമേ താന്‍ ഇവ കൈമാറ്റം ചെയ്യുകയോ എഴുതി നല്‍കുകയോ ചെയ്യൂവെന്നും താന്‍ നിര്‍ബന്ധം പിടിച്ചു. ഇതാണ് ഈ നടനുമായുണ്ടായ വൈരാഗ്യത്തിന്റെ മൂല കാരണം. ഈ ദേഷ്യമാണോ പള്‍സര്‍ സുനിയെ കൊണ്ട് തന്നെ ആക്രമിക്കാന്‍ കാരണമെന്ന് അറിയില്ല. നടന് ഈ സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്നും നടി മൊഴി നല്‍കി.

ഇതിന് ശേഷം തന്നെ സിനിമയില്‍ നിന്ന് ഒതുക്കാനും ശ്രമം നടന്നു. ഇതിനെല്ലാം സംവിധായക സുഹൃത്തിന്റേയും പിന്തുണയുണ്ടായിരുന്നു. തന്നെ സിനിമയില്‍ നിന്നും പുറത്താക്കുവാനും പലരോടും ഈ നടന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഭീഷണികള്‍ ഒന്നും ഫലം കണ്ടില്ല. ഇത് മാത്രമാണ് സിനിമാ രംഗത്ത് തനിക്കുള്ള ഏക ശത്രുതയുടെ മൂലകാരണം.

അതുകൊണ്ട് തന്നെ അന്വേഷണം നടക്കട്ടേയെന്നുമായിരുന്നു നടിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ മൊഴിയില്‍ നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് നടന്നേക്കും. പള്‍സര്‍ സുനിക്ക് യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംവിധായകന്റെ പങ്ക് അന്വേഷണത്തിലാണ് തെളിയേണ്ടതെന്നും നടി വിശദീകരിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവമുണ്ടായത്. കേസില്‍ സിനിമാരംഗവുമായി ബന്ധമുള്ള പള്‍സര്‍ സുനിയടക്കമുള്ള പ്രതികളെ പിടികൂടുകയും ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ സുനി ആസൂത്രണം ചെയ്ത സംഭവമെന്ന നിലയിലാണ് കേസന്വേഷണം പൊലീസ് കൊണ്ടുപോയത്. ഇതുപ്രകാരം കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരെ പ്രതിയാക്കി കുറ്റപത്രം നല്‍കുകയും അവരിപ്പോഴും റിമാന്‍ഡില്‍ കഴിയുകയുമാണ്.

എന്നാല്‍, സംഭവത്തില്‍ മറ്റുചിലര്‍ക്ക് പങ്കുള്ളതായിട്ടുള്ള സൂചനകള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പുറത്തുവന്നിരുന്നു. സിനിമ മേഖലയിലെ പല പ്രമുഖരുടെയും പേരുകള്‍ സംഭവവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ഗൂഢാലോചന സംബന്ധിച്ച സൂചനകള്‍ തള്ളിക്കളയാതിരുന്ന പൊലീസ് ആലുവ, കാക്കനാട് ജയിലുകളില്‍ കഴിയുന്ന പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടയില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ കേസില്‍ വീണ്ടും അന്വേഷണം തുടങ്ങിയത്. ആക്രമണത്തിനു പിന്നിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സുനിയും തുറന്നു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആക്രമണത്തിനിരയായ നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും ജയിലില്‍വെച്ച് സഹ തടവുകാരനായ ജിന്‍സനോട് സുനി വെളിപ്പെടുത്തിയതിന്റെ വസ്തുതകള്‍ സ്ഥിരീകരിക്കാന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ജിന്‍സന്റെ മൊഴികള്‍ രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി തേടി കാത്തിരിക്കുകയാണ് പൊലീസ്.

ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ വിവാദമായ കേസിന്റെ പുനരന്വേഷണത്തിന് പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടാനാണ് സാധ്യത. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പൊലീസ് പരിശോധിക്കുന്നത്.

ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹം ഡപ്യൂട്ടേഷനില്‍ സ്ഥലംമാറിപ്പോയതിനാല്‍ ഇപ്പോള്‍ എഡിജിപി ബി. സന്ധ്യ നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്.